ഭറൂച്ച് സീറ്റ് പ്രശ്നം: അഹമ്മദ് പട്ടേലിന്റെ കുടുംബം അയഞ്ഞു, പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്ന് മകൾ മുംതാസ്

Published : Feb 25, 2024, 05:52 PM IST
ഭറൂച്ച് സീറ്റ് പ്രശ്നം: അഹമ്മദ് പട്ടേലിന്റെ കുടുംബം അയഞ്ഞു, പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്ന് മകൾ മുംതാസ്

Synopsis

സിറ്റിംഗ്  എംഎല്‍എയും ഗോത്ര നേതാവുമായ ചൈതര്‍ വാസവയാണ് ഭറൂച്ച് മണ്ഡലത്തിൽ ആംആദ്മി-കോൺഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ ഭറൂച്ച് സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് വിട്ടുകൊടുത്തതിൽ അഹമ്മദ് പട്ടേലിന്റെ കുടുംബം അയഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം നിരാശപ്പെടുത്തിയെങ്കിലും പാർട്ടി താത്പര്യത്തിനൊപ്പം നിൽക്കുന്നുവെന്ന് മകൾ മുംതാസ് പട്ടേൽ അറിയിച്ചു. ദേശീയ താത്പര്യപ്രകാരമാണ് സഖ്യ സമിതി തീരുമാനമെന്ന് കരുതുന്നുവെന്നും മുംതാസ് പട്ടേൽ പ്രതികരിച്ചു.

ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഭറൂച്ച്. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന് ഏറെ സ്വാധീനമുള്ള സ്ഥലം. സ്ഥിരമായി കോൺഗ്രസ് മാത്രം ജയിക്കുന്ന ഈ മണ്ഡലം സീറ്റ് ധാരണയുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടിക്ക് വിട്ടുകൊടുത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റ് എഎപിക്ക് കൈമാറിയത്.

തൊട്ടുപിന്നാലെ ആം ആദ്മി പാര്‍ട്ടി ഭറൂച്ചിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ്  എംഎല്‍എയും ഗോത്ര നേതാവുമായ ചൈതര്‍ വാസവയാണ് സ്ഥാനാര്‍ത്ഥി. അഹമ്മദ് പട്ടേലിന്‍റെ പാരമ്പര്യത്തെ തമസ്ക്കരിക്കാനുള്ള  രാഹുല്‍ ഗാന്ധിയുടെ ഗൂഢനീക്കമാണ് സീറ്റ് ആപിന് നല്‍കിയതിന് പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്നത് കോണ്‍ഗ്രസിന്‍റെ പാരമ്പര്യമാണെന്ന്  അമിത് മാളവ്യ വിമര്‍ശിച്ചു. രാജകുമാരന്‍ പ്രതികാരം വീട്ടിയെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി വക്താവുമായ ജയ് വീര്‍ ഷെര്‍ഗിലിന്റെ വിമര്‍ശനം. 

ഇതിനിടെ പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള  കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകൾ എവിടെയും എത്തിയിട്ടില്ല. ചര്‍ച്ചകള്‍ക്കിടെ പിസിസി അധ്യക്ഷന്‍ അധിര്‍ ര‍ഞ്ജന്‍ ചൗധരി, മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇത് തൃണമൂലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്ത് ആകെയുള്ള 42ല്‍ 5 സീറ്റ് നല്‍കാമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ മുഴുവന്‍ സീറ്റിലും തൃണമൂല്‍ തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് അവരുള്ളത്. തൃണമൂലിനോട് അടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് സംസ്ഥാനത്ത് സിപിഎമ്മിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം