
ചണ്ഡീഗഡ്: ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പ്രായം 18 ൽ താഴെയാണെങ്കിലും ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും പരിശോധിച്ചാണ് ഹൈക്കോടതിയുടെ പുതിയ വിധി പ്രസ്താവം. ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് തനിക്ക് താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. 2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.
ഇരുവരുടെയും വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാര്‍ കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമര്‍ശിച്ചാണ് കോടതിയുടെ നിരീക്ഷണം. സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam