നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയെയും തൃണമൂലിനെയും ഒരുപോലെ വിമർശിച്ച അദ്ദേഹം, നേതാജിയുടെ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ ബദൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവും പ്രമുഖ നേതാവുമായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ തനിക്ക് പ്രതീക്ഷ തീർത്തും നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണകക്ഷിയായ ബിജെപിയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും "ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ" ആണെന്നും കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന് വെറും നാല് മാസത്തിന് ശേഷമാണ് ചന്ദ്രകുമാർ ബോസിന്റെ അപ്രതീക്ഷിത രാജി. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏപ്രിലിലാണ് അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ച് ടിഎംസിയിൽ എത്തിയത്. അന്ന് ബിജെപിയിൽ ചേർന്നത് ചരിത്രപരമായ തെറ്റായിരുന്നുവെന്നും ഭരണഘടനാ മൂല്യങ്ങളും നേതാജിയുടെ മതേതര ആശയങ്ങളും സംരക്ഷിക്കാനാണ് തൃണമൂലിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, തൃണമൂലിലെ അനുഭവവും നിരാശാജനകമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ രാജി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും അദ്ദേഹത്തിൻ്റെ മാർഗദർശിയും മൂത്ത സഹോദരനും തൻ്റെ മുത്തശനുമായ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങളിൽ ഊന്നിയുള്ള ഒരു പുതിയ രാഷ്ട്രീയ ബദൽ ഉയർത്തിക്കൊണ്ടുവരാൻ താൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് താൻ ഉപദേശകനായി പ്രവർത്തിക്കുമെന്നും മതനിരപേക്ഷത, സാമൂഹിക നീതി, വികസനം എന്നിവയിലധിഷ്ഠിതമായ രാഷ്ട്രീയമാണ് തങ്ങളുടെ ലക്ഷ്യമെന്നും ചന്ദ്ര ബോസ് കൂട്ടിച്ചേർത്തു. നേതാജി രൂപീകരിച്ച ഫോർവേഡ് ബ്ലോക്കിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2016-ൽ ബിജെപിയിൽ ചേരുകയും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് പാർട്ടിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും നേതാജിയുടെ ആശയങ്ങളുമായി പാർട്ടിക്ക് യോജിച്ചു പോകാനാകുന്നില്ലെന്നും ആരോപിച്ച് 2023-ൽ ബിജെപി വിടുകയായിരുന്നു.


