സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ മർദ്ദനത്തിന് പരാതി നൽകി. മഹാരാഷ്ട്രയിൽ വെച്ച് ദീപ്കെയുടെ ആളുകൾ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന അൻസാരി, ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാനാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു.

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും കൂട്ടാളികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. മഹാരാഷ്ട്രയിൽ വെച്ച് അഭിജിത് ദീപ്കെയുടെ ആളുകൾ തന്നെ ക്രൂരമായി മർദ്ദിച്ചതായി കാണിച്ച് ഡൽഹി ഡിസിപിക്ക് ഫൈസാൻ അൻസാരി രേഖാമൂലം പരാതി നൽകി. മഹാരാഷ്ട്രയിലെ പുണെയിലും ഔറംഗാബാദിലും വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും, സംഭവത്തിൽ രണ്ട് കേസുകൾ നിലവിലുണ്ടെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിന് പിന്നിൽ അഭിജീത് ദീപ്കെയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ അൻസാരി, ഇയാളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. സ്വന്തം നേട്ടങ്ങൾക്കായാണ് ദീപ്കെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമീപകാലത്ത് ഡൽഹിയിൽ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കരുതൽ തടങ്കലിലാക്കിയ ഡൽഹി സർക്കാരിന്‍റെയും പൊലീസിന്‍റെയും നടപടിയെയും അൻസാരി പ്രശംസിച്ചു. കൃത്യസമയത്ത് നടത്തിയ ഈ ഇടപെടലാണ് തലസ്ഥാനത്തെ ക്രമസമാധാന നില വഷളാകാതെ സംരക്ഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളെ ബംഗ്ലാദേശിലെയും നേപ്പാളിലെയും സർക്കാരുകളെ അട്ടിമറിച്ച സമരങ്ങളുമായി താരതമ്യം ചെയ്യുന്നതിനെ അഭിജീത് ദീപ്കെ നിഷേധിച്ചു. തങ്ങളുടെ പ്രതിഷേധം പൂർണമായും മഹാത്മാ ഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തിലാണെന്നും, പൊലീസിന്‍റെ ക്രൂരമായ മർദ്ദനമേറ്റിട്ടും വിദ്യാർത്ഥികൾ സമാധാനപരമായാണ് ജന്തർ മന്ദിറിൽ പ്രതിഷേധിച്ചതെന്നും ദീപ്കെ വ്യക്തമാക്കി. സിജെപിയുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയാണ് ഇത്തരം തെറ്റായ താരതമ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.