
ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമവും ആവശ്യമില്ലെന്ന് അവരുടെ ആരോഗ്യമന്ത്രി തന്നെയാണ് പറഞ്ഞത്. ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. 2016ൽ 2.6 ആയിരുന്ന ജനന നിരക്ക് ഇപ്പോൾ 2.3 ആയി. രാജ്യത്തെ ജനന നിരക്ക് കുറയുന്നത് മറ്റ് രാജ്യങ്ങളോടൊപ്പം മികച്ച രീതിയിലാണെന്നും ഒവൈസി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകണമെന്നും അതേസമയം ഒരു വിഭാഗത്തിന്റെ മാത്രം ജനസംഖ്യാ വർധനവുണ്ടാകുന്നത് അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2023-ൽ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജനസംഖ്യാ വളർച്ചയുടെ വേഗതയോ ചില സമൂഹങ്ങളുടെ ശതമാനമോ ഉയർന്നതായിരിക്കരുത്, ബോധവൽക്കരണത്തിലൂടെയോ നിർവ്വഹണത്തിലൂടെയോ ഞങ്ങൾ 'മൂൽനിവാസി' (നാട്ടുകാരുടെ) ജനസംഖ്യ സ്ഥിരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപിയിൽ, ജനസംഖ്യാ നിയന്ത്രണ നിയമങ്ങളില്ലാതെ തന്നെ 2026-2030 ഓടെ പ്രതീക്ഷിച്ച തരത്തിൽ ജനന നിരക്ക് കുറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.