
ജയ്പൂർ: ഉദയ്പൂർ കൊലപാതകക്കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾ വിശദീകരണം നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഉദയ്പൂർ തലവെട്ടൽ കേസിലെ ഒരു പ്രതിക്ക് ബിജെപിയുമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക സ്ഥലത്താണ് പ്രതി താമസിച്ചിരുന്നതെന്ന് അടുത്തിടെ കണ്ടെത്തി. ഇവർ വാടക നൽകുന്നില്ലെന്ന് ആരോപിച്ച് വീട്ടുടമ പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ, താമസക്കാർ ബിജെപി പ്രവർത്തകരാണെന്നും പാർട്ടി പ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ബിജെപി പ്രവർത്തകർ വീട്ടുടമയോട് പറഞ്ഞെന്ന് അശോക് ഗെലോട്ട് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ആരോപണം ബിജെപി തള്ളി.
കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. ബിജെപി നേതാക്കൾക്കൊപ്പം മുഖ്യപ്രതി റിയാസ് അഖ്താരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകം രാജ്യത്തുടനീളം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ബിജെപി വക്താവായിരുന്ന നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം കത്തി നിന്ന സമയത്താണ് തയ്യൽക്കാരനായ കനയ്യ ലാൽ കൊല്ലപ്പെട്ടത്. സോഷ്യൽമീഡിയയിൽ നൂപുർ ശർമയെ പിന്തുണച്ചെന്ന ആരോപണത്തെ തുടർന്നാണ് പരസ്യമായി അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam