'ഫ്രീ കശ്മീർ' എന്ന പോസ്റ്റര്‍ ഉയര്‍ത്തി; മൈസൂരു സർവകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കേസ്

By Web TeamFirst Published Jan 10, 2020, 12:55 AM IST
Highlights

മൈസൂര്‍ പൊലീസ് കമ്മീഷ്ണര്‍ കെടി ബാലകൃഷ്ണ സ്വമേധയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് എടുക്കുകയായിരുന്നു. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 34 ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഈ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 

മൈസൂര്‍: മൈസൂരു സർവകലാശാലയിൽ ഫ്രീ കശ്മീർ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയ വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കേസ്. ജെഎൻയുവിലെ അക്രമങ്ങൾക്ക് എതിരായ പ്രതിഷേധത്തിനിടെയാണ് പെൺകുട്ടി പോസ്റ്റർ ഉയർത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. കശ്മീരിലെ ഇന്‍റർനെറ്റ് നിരോധനം നീക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വിദ്യാർത്ഥിനി പ്രതികരിച്ചു. 

എന്നാല്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിലാണ് പെണ്‍കുട്ടി ഫ്രീ കാശ്മീര്‍ എന്ന പ്ലാകാര്‍ഡ് ഏന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ദളിത് സ്റ്റുഡന്‍റ് അസോസിയേഷനും, യൂണിവേഴ്സിറ്റി റിസര്‍ച്ച്  സ്റ്റുഡന്‍റ്  അസോസിയേഷനും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. പോസ്റ്റര്‍ വിവാദമായതോടെ മൈസൂര്‍ യൂണിവേഴ്സിറ്റി ഈ സംഘടനകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അതേ സമയം വിഷയത്തില്‍ പ്രതികരിച്ച കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വന്തന്‍നാരായണ, ഫ്രീ കാശ്മീര്‍ എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം കാര്യങ്ങള്‍ 72 കൊല്ലമായി ഈ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് പ്രതികരിച്ചു. ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മൈസൂര്‍ പൊലീസ് കമ്മീഷ്ണര്‍ കെടി ബാലകൃഷ്ണ സ്വമേധയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് എടുക്കുകയായിരുന്നു. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 34 ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഈ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.  മുംബൈയിലെ പ്രതിഷേധങ്ങൾക്കിടെ ഫ്രീ കശ്മീർ പോസ്റ്റർ ഉയർത്തിയത് നേരത്തെ വിവാദമായിരുന്നു.

click me!