
കോഹിമ: നാഗലാന്‍റിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 371 എ വകുപ്പ് റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നാഗാലാന്‍റിലെ ബിജെപി. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് നാഗാലാന്‍റിന് അധികാരം നല്‍കുന്ന 371 എ വകുപ്പും ചര്‍ച്ചയായത്.
നാഗലാന്‍റ് നിയമസഭയില്‍ സംസാരിക്കുമ്പോള്‍ നാഗാലാന്‍റ് ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമനയാണ് 371 എ റദ്ദാക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ അതേ രീതിയില്‍ നാഗാലാന്‍റില്‍ ഏതെങ്കിലും നീക്കം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. ഞങ്ങള്‍ നാഗ ജനതയുടെ സംശയങ്ങളും, ഭയവും, പരാതിയും, ധാരണകളും എല്ലാം ദില്ലിയിലെ നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. അവര്‍ നാഗ ജനതയുടെ മൗലികമായ ചരിത്രത്തെ ബഹുമാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സംസ്ഥാന നിയമസഭയില്‍ പറഞ്ഞു.
നേരത്തെ തന്നെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ കേന്ദ്രം ഉയര്‍ത്തുന്ന ഇപ്പോഴത്തെ 'ഒരു രാജ്യം ഒരു നിയമം' എന്ന മുദ്രവാക്യം നാഗാലാന്‍റിന് ഭീഷണിയാകും എന്ന ആശങ്ക ഉയര്‍ത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ വിശദീകരണം. ആര്‍ഐഐഎന്‍, ഐഎല്‍പി ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിഷയം ചര്‍ച്ചയായത്.
കഴിഞ്ഞ ദിവസം ലോക്സഭയിലെ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയം പരാമര്‍ശിച്ചിരുന്നു. ഇത് പ്രകാരം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന രീതിയില്‍ മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371 ല്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചോദ്യം ചെയ്യുന്നുണ്ട്.
സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം പദവിയാണ് നാഗാലാന്‍റിനും ആര്‍ട്ടിക്കിള്‍ 371എ പ്രകാരം അനുവദിച്ചിരിക്കുന്നത്. നാഗാ ജനതയുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പദവി നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് നാഗാ ജനതയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രത്യേക പദവി നല്‍കിയത്.
പ്രത്യേക പദവി പ്രകാരം സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം നാഗാലാന്‍റില്‍ വേറെ നിയമങ്ങളാണ് (നാഗാ കസ്റ്റമറി ലോ) നടപ്പാക്കുന്നത്. സ്വത്ത് കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യന്‍ യൂണിയനില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് നാഗാലാന്‍റില്‍. നാഗാലാന്‍റിനുള്ള പ്രത്യേക പദവി എടുത്തുകളയില്ലെന്ന ആത്മവിശ്വാസത്തിലാണ് നാഗാ വിഭാഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam