
ദില്ലി: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ പേര് ടിപ്പു എക്സ്പ്രസിൽ നിന്ന് വോഡയാർ എക്‌സ്പ്രസായി റെയിൽവേ ബോർഡ് പുനർനാമകരണം ചെയ്തതിൽ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ടിപ്പു സുൽത്താന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്‌തു. ബ്രിട്ടീഷ് യജമാനന്മാർക്കെതിരെ മൂന്ന് യുദ്ധങ്ങൾ നയിച്ചതിന്റെ പേരിൽ ടിപ്പു ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മറ്റൊരു ട്രെയിനിന് വോഡയാർമാരുടെ പേര് നൽകാമായിരുന്നു. ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി, ഇപ്പോഴും ബ്രിട്ടീഷ് അടിമകളെ ഭയപ്പെടുത്തുന്നു. ഒവൈസി ട്വീറ്റ് ചെയ്തു.
എഐഎംഐഎം നേതാവിന്റെ പരാമർശത്തോട് പ്രതികരിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് മറുപടി ട്വീറ്റ് ചെയ്തു. "ടിപ്പുവിന്റെ യഥാർത്ഥ പാരമ്പര്യം ജനങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കൂർഗിലെ കൊടകർക്കും, മംഗളൂരുവിലെ സിറിയൻ ക്രിസ്ത്യാനികൾക്കും, കത്തോലിക്കർക്കും, കൊങ്കണികൾക്കും, മലബാറിലെ നായന്മാർക്കും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ വരുത്തിവെച്ച ഒരു ബാർബേറിയനായിരുന്നു ടിപ്പു". മാളവ്യ ട്വീറ്റ് ചെയ്തു.
ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ പേര് ടിപ്പു എക്സ്പ്രസിൽ നിന്ന് വോഡയാർ എക്‌സ്പ്രസായി റെയിൽവേ ബോർഡ് വെള്ളിയാഴ്ചയാണ് പേര് മാറ്റിയത്. മൈസൂർ പാർലമെന്റ് അംഗം പ്രതാപ് സിംഹ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൈസൂർ രാജകുടുംബത്തിന്റെ പേരിലുള്ള, നിലവിലെ വോഡയാർ എക്‌സ്പ്രസ് ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് രണ്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നു. ഇതിന് മാണ്ഡ്യയിലും കെങ്കേരിയിലും രണ്ട് സ്റ്റോപ്പുകൾ ഉണ്ട്. ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് ട്രെയിനായി 1980ലാണ് ടിപ്പു എക്സ്പ്രസ് ആദ്യമായി അവതരിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam