'സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളം, ആര്‍ ബി ശ്രീകുമാര്‍ അസംത്യപ്തനായ ഉദ്യോഗസ്ഥന്‍'; നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്

By Web TeamFirst Published Dec 11, 2019, 3:47 PM IST
Highlights

സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമാണെന്ന് ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്.

അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് എഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ അസംതൃപ്തനായ ഓഫീസറായിരുന്നെന്നും സഞ്ജീവ് ഭട്ട് കള്ളം പറയുകയായിരുന്നെന്നും വെളിപ്പെടുത്തി 2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. നിയമ വിരുദ്ധമായ നിരവധി നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നല്‍കിയിരുന്നതായി ആര്‍ ബി ശ്രീകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച ആദ്യത്തെ സത്യവാങ്മൂലത്തിലോ കമ്മീഷന് മുമ്പാകെ നല്‍കിയ തെളിവുകളിലോ അത്തരമൊരു ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. അദ്ദേഹത്തിനെതിരായി വകുപ്പുതല നടപടികള്‍ ആരംഭിച്ചതിന് ശേഷമാണ് ഈ ആരോപണം ഉണ്ടായത്. പിന്നീട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം അസംതൃപ്തനായ ഉദ്യോഗസ്ഥനാണെന്നത് വ്യക്തമാണെന്നും സഞ്ജീവ് ഭട്ട് പറഞ്ഞത് സത്യമല്ലെന്നും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2002-ലെ കലാപം തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും, കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നും നാനാവതി കമ്മീഷന്‍ കണ്ടെത്തി. അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പറയുന്നു. 

റിപ്പോർട്ടിന്‍റെ ആദ്യഭാഗം, ഗോധ്രയിലെ തീവണ്ടി കത്തിക്കപ്പെട്ട സംഭവമാണ് വിശദീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാനാവതി കമ്മീഷൻ 2009-ൽ നിയമസഭയിൽ വച്ചിരുന്നു. ഗോധ്ര സ്റ്റേഷനടുത്ത് വച്ച് സബർമതി എക്സ്പ്രസിൽ അയോധ്യയിൽ നിന്ന് തിരികെ വരികയായിരുന്ന 59 കർസേവകർ സഞ്ചരിച്ച കോച്ചിന് നേരെ ആക്രമണമുണ്ടാവുകയും ഇവരടക്കമുള്ളവർ വെന്ത് മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഈ വർഷം സെപ്റ്റംബറിൽ ഗുജറാത്ത് സർക്കാർ ഈ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്‍റെ അന്തിമപകർപ്പ് അടുത്ത നിയമസഭാ സമ്മേളനത്തിൽ വയ്ക്കുമെന്നും അന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്.

കലാപം നടക്കുന്ന കാലത്ത് ഗുജറാത്തിൽ എഡിജിപിയായിരുന്ന ആർ ബി ശ്രീകുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ മറുപടി പറയുകയായിരുന്നു അന്ന് സംസ്ഥാനസർക്കാർ. 2014-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് എന്തുകൊണ്ട് ഇത്ര കാലമായിട്ടും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നില്ല എന്നും, എന്തിനാണ് തടഞ്ഞുവയ്ക്കുന്നതെന്നും ചോദിച്ചായിരുന്നു ആർ ബി ശ്രീകുമാർ അന്ന് ഹർജി നൽകിയത്. ആറ് മാസത്തിനുള്ളിൽ അന്വേഷണം തീർക്കാനാണ് ആദ്യം കമ്മീഷന് നിർദേശം ലഭിച്ചിരുന്നത്. എന്നാൽ പല തവണ കാലാവധി നീട്ടി നൽകിയ ശേഷം കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിക്കുന്നത് കലാപം നടന്ന് ഏഴ് വർഷത്തിന് ശേഷം 2009-ലാണ്. രണ്ടാം റിപ്പോർട്ട് നൽകുന്നത് അതിനും അഞ്ച് വർഷത്തിന് ശേഷം 2014-ലും. 
 

click me!