നരേന്ദ്ര മോദിക്ക് അധികാരത്തിൽ കാൽനൂറ്റാണ്ട്, 'സേവാ സങ്കൽപ് അഭിയാനു'മായി ബിജെപി; മാസം നീളുന്ന പരിപാടികൾക്ക് സെപ്റ്റംബർ 17ന് തുടക്കം

Published : Sep 09, 2026, 04:09 PM IST
Narendra Modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണ പൂർത്തീകരണത്തോടനുബന്ധിച്ച് ബിജെപി 'സേവാ സങ്കൽപ് അഭിയാൻ' എന്ന പേരിൽ രാജ്യവ്യാപകമായി ഒരു മാസം നീളുന്ന പരിപാടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന ഈ ക്യാമ്പയിനിലൂടെ മോദിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിടുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ഭരണത്തലപ്പത്ത് 25 വർഷം തികയ്ക്കുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബഹുജന സമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ഭാരതീയ ജനതാ പാർട്ടി. 'സേവാ സങ്കൽപ് അഭിയാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് സംഘടിപ്പിക്കുന്നത്. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതലുള്ള മോദിയുടെ കാൽനൂറ്റാണ്ടുകാലത്തെ ഭരണനേട്ടങ്ങളും ജനസേവനവും എടുത്തുകാട്ടിയാണ് പാർട്ടി ഈ അഭിയാൻ ജനങ്ങളിലെത്തിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, മുതിർന്ന നേതാക്കളായ വിനോദ് താവ്ഡെ, അനിൽ ബലൂണി എന്നിവരുടെ സാന്നിധ്യത്തിലാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു വെച്ച് ഈ പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രിയുടെ പൊതുജനസേവനത്തോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ മുന്നേറ്റത്തിൽ കോടിക്കണക്കിന് ബിജെപി പ്രവർത്തകർ പങ്കാളികളാകുമെന്ന് നിതിൻ നബീൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ആഭ്യന്തര-ബാഹ്യ സുരക്ഷ ശക്തമാക്കിയതും, നക്സലിസത്തെ അടിച്ചമർത്തിയതും, അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഉയർത്തിയതും നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള ഭരണപാടവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ചെയർമാനും വിനോദ് താവ്ഡെ കോർഡിനേറ്ററുമായി വിപുലമായ ദേശീയ ഏകോപന സമിതിയെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, കേരളത്തിൽ നിന്നുള്ള നേതാവ് രാജീവ് ചന്ദ്രശേഖർ, തേജസ്വി സൂര്യ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ സമിതിയിൽ അംഗങ്ങളാണ്.

സെപ്റ്റംബർ 17ന് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളോടെയാണ് സേവാ സങ്കൽപ് അഭിയാന് ഔദ്യോഗിക തുടക്കമാകുന്നത്. അന്നേ ദിവസം വൈകുന്നേരം സർക്കാരിന്റെ വിവിധ പദ്ധതി ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വീടുകളിൽ ദീപങ്ങൾ തെളിയിക്കുന്ന 'ആശീർവാദ് കാ ദിയ' പരിപാടിയും നടക്കും. കൂടാതെ, കേന്ദ്ര-സംസ്ഥാന ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നിയമസഭാ-ബ്ലോക്ക് തലങ്ങളിൽ ആഴ്ച നീളുന്ന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന 'നമോ സേവാ ഗാഥ'യ്ക്കും അന്നേ ദിവസം തുടക്കമാകും. വികസിത ഭാരതമെന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രസംഗ, ചിത്രരചനാ മത്സരങ്ങളും അങ്കണവാടി പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിക്കുന്നതിനായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ 'ആംഗൻ കാ ഉത്സവ്' പരിപാടികളും ഈ ദിവസങ്ങളിൽ സംഘടിപ്പിക്കും.

ഗ്രാമീണ മേഖലകളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സേവന ചരിത്രം പ്രമേയം ആക്കുന്ന 'കഹാനി ബദ് ലാവ് കി' എന്ന അരമണിക്കൂർ നീളുന്ന തെരുവ് നാടകങ്ങളും ഈ പ്രചാരണത്തിന്റെ ഭാഗമായി അരങ്ങേറും. ഇതിനൊപ്പം ഓരോ ശക്തികേന്ദ്രത്തിൽ നിന്നും കുറഞ്ഞത് പത്ത് ഗുണഭോക്താക്കളുടെ വീഡിയോകൾ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന 'സേവാ കി കഹാനി' പദ്ധതിയും നടപ്പിലാക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പാർട്ടി പ്രവർത്തകർ ശുചിത്വ ഡ്രൈവുകൾക്ക് നേതൃത്വം നൽകുകയും ഖാദി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഒക്ടോബർ ഏഴിന് മോദി ഭരണത്തിൽ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ 'സേവാ ജ്യോതി യാത്ര' എന്ന പേരിൽ ജില്ലകളിൽ ബൈക്ക്, സൈക്കിൾ റാലികൾ നടക്കും. ഇതോടൊപ്പം മോദിയുടെ ജന്മദേശമായ വട്നഗറിനെയും മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് പത്ത് ടീമുകൾ പങ്കെടുക്കുന്ന 'വട്നഗർ വാരണാസി യാത്ര'യും സംഘടിപ്പിക്കും. വട്നഗറിലെ ഹാത്കേശ്വർ മഹാദേവ ക്ഷേത്രത്തിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും ജലാഭിഷേകം നടത്തുന്ന ഈ യാത്ര വഴിമധ്യേയുള്ള ഗ്രാമങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കും. ആർട്ടിസ്റ്റുകളെയും വനിതാ സ്വയംസഹായ സംഘങ്ങളെയും വിദ്യാർത്ഥികളെയും അണിനിരത്തി കൂറ്റൻ മാനവ റംഗോളികൾ തീർക്കുന്ന പരിപാടിയും യുവാക്കൾക്കായി നാഷണൽ ഇന്നൊവേഷൻ ചലഞ്ചും അഭിയാന്റെ ഭാഗമായി നടക്കും.

ഒക്ടോബർ 17-ന് രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ ഒരേസമയം സംഘടിപ്പിക്കുന്ന 'സുശാസൻ സേവാ സംവാദ്' എന്ന വമ്പൻ ജനകീയ കൂട്ടായ്മയോടെയാകും സേവാ സങ്കൽപ് അഭിയാന് തിരിശീല വീഴുന്നത്. രാജ്യത്തുടനീളമുള്ള സർപഞ്ചുമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയം സംസാരിക്കും. മോദിയുടെ 25 വർഷത്തെ സേവനവഴികൾ കാണിക്കുന്ന വീഡിയോ പ്രദർശനവും വികസിത ഭാരത സങ്കൽപ്പ പ്രമേഹ അവതരണവും സമാപന ചടങ്ങിൽ ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച; നേതാക്കൾക്ക് വിരുന്നൊരുക്കാൻ മോദി