മോദിയുടെ പരിപാടി തത്സമയം നൽകിയില്ല; ദൂരദ‍ർശൻ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

Published : Oct 02, 2019, 12:31 PM ISTUpdated : Oct 02, 2019, 12:37 PM IST
മോദിയുടെ പരിപാടി തത്സമയം നൽകിയില്ല; ദൂരദ‍ർശൻ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

Synopsis

സെപ്തംബർ മുപ്പതിനാണ് ചെന്നൈ ഐഐടിയിലെ ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദർശനമായിരുന്നു അത്.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദർശനം ദൂരർശനിലൂടെ തൽസമയം സംപ്രേഷണം ചെയ്യാത്തതിന്  ദൂരദർശൻ കേന്ദ്രയിലെ മുതിർന്ന ഉദ്യോഗസ്ഥക്കെതിരെ നടപടി. ചെന്നൈ ദൂരദർശൻ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ആർ വസുമതിയ്ക്ക് എതിരെ ആണ് നടപടി. വസുമതിയെ സസ്പെൻഡ് ചെയ്ത് ദൂരദർശൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവിറക്കി. 

കേന്ദ്ര സിവിൽ സർവീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി. സസ്പെൻഷൻ കാലയളവിൽ ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ വസുമതി ചെന്നൈയ്ക്ക് പുറത്തു പോകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെയാണ് ദൂരദർശൻ സിഇഓ ശശി ശേഖർ വെമ്പട്ടി ഉത്തരവിറക്കിയത്. 

സെപ്തംബർ മുപ്പതിനാണ് ചെന്നൈ ഐഐടിയിലെ ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂർ-ഇന്ത്യ ‘ഹാക്കത്തൺ-2019’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദർശനമായിരുന്നു അത്. മോദിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയുള്ളതിനാൽ ഹെലികോപ്റ്ററിലാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു അന്ന് നരേന്ദ്രമോദിയുടെ സന്ദർശനം.
 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം