ഓട്ടോയിൽ യാത്ര ചെയ്ത യുവാവിന് ഫോൺ ഓഫ് ആയതിനാൽ പണം നൽകാനായില്ല. എന്നാൽ 150 രൂപ വേണ്ടെന്ന് വെച്ച ഓട്ടോ ഡ്രൈവർ, പകരം മറ്റാരെയെങ്കിലും സഹായിക്കാൻ ആവശ്യപ്പെട്ടു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ ഹൃദയസ്പർശിയായ സംഭവം മനുഷ്യത്വത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്നു.
ന്യൂഡൽഹി: തിരക്കുപിടിച്ച ഡൽഹി നഗരത്തിൽ 2 രൂപ ബാക്കി നൽകാത്തതിന്റെ പേരിൽ കൂടി വേണ്ടി പോലും തർക്കങ്ങൾ നടക്കാറുണ്ട്. എന്നാൽ, തന്റെ പക്കൽ പണമില്ലെന്ന് അറിഞ്ഞിട്ടും 150 രൂപ വേണ്ടെന്ന് വെച്ച് ഒരു യുവാവിനെ സഹായിച്ച ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ സ്റ്റോറി ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കി.
ഡൽഹിയിലെ ലജ്പത് നഗറിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ക്യാബ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ഫോണിൽ വെറും 4 ശതമാനം ബാറ്ററി മാത്രം. ഉടൻ തന്നെ ഒരു ഓട്ടോ വിളിച്ച് മീറ്റർ ചാർജിന് പുറമെ 20 രൂപ അധികം നൽകാമെന്ന് സമ്മതിച്ച് യാത്ര തിരിച്ചു. യാത്രയ്ക്കിടയിലാണ് തന്റെ പേഴ്സിൽ നയാപൈസയില്ലെന്ന കാര്യം യുവാവ് ശ്രദ്ധിക്കുന്നത്. ഫോൺ പേ ഉണ്ടല്ലോ, അത് മതി എന്ന് കരുതി ഇരുന്നെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിപ്പോയി. തന്റെ വാസ സ്ഥലത്തിന്റെ ഗേറ്റിന് മുന്നിൽ പകച്ചുനിന്ന യുവാവ് ഓട്ടോ ഡ്രൈവറോട് കാര്യം വിശദീകരിച്ചു. ഭയ്യാ, ഫോൺ ഓഫ് ആയിപ്പോയി. നിങ്ങൾ ഇവിടെ നിൽക്കൂ, ഞാൻ വീട്ടിൽ പോയി പണവുമായി വരാം. കിട്ടിയത് ഹൃദയം കീഴടക്കിയ മറുപടി, ഓട്ടോ ഡ്രൈവർ ദേഷ്യപ്പെടുമെന്നോ തന്നെ ഒരു തട്ടിപ്പുകാരനായി കാണുമെന്നോ ആണ് യുവാവ് കരുതിയത്. എന്നാൽ ഡ്രൈവർ ചിരിച്ചുകൊണ്ട് പറഞ്ഞു.അതൊന്നും സാരമില്ല ഭയ്യാ, നിങ്ങൾ വീട്ടിൽ പോകൂ. നല്ല തണുപ്പല്ലേ.
യുവാവ് പണം നൽകാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം ഓട്ടോ സ്റ്റാർട്ട് ചെയ്തുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർത്തു. നമ്മൾ എപ്പോഴെങ്കിലും വീണ്ടും കാണുകയാണെങ്കിൽ അപ്പോൾ തന്നാൽ മതി. അല്ലെങ്കിൽ ഈ പണം കൊണ്ട് മറ്റാരെയെങ്കിലും സഹായിക്കൂ. ടെൻഷൻ അടിക്കേണ്ട. പണം വാങ്ങാതെ ഓട്ടോ ഓടിച്ചുപോയ ആ മനുഷ്യനെ നോക്കി സ്തബ്ധനായി നിന്നുപോയെന്ന് യുവാവ് തന്റെ പോസ്റ്റിൽ കുറിച്ചു. ഡൽഹിക്ക് ഒരുപാട് പോരായ്മകൾ ഉണ്ടാകാം, പക്ഷേ ഇവിടുത്തെ മനുഷ്യർ ചിലപ്പോൾ നമ്മുടെ ഹൃദയം കവർന്നെടുക്കും, എന്ന വരികളോടെയാണ് യുവാവ് പോസ്റ്റ് അവസാനിപ്പിച്ചത്. ചിലർക്ക് കൈവശം അധികമൊന്നും ഉണ്ടാകില്ല, പക്ഷേ അവർ നൽകുന്നത് ഏറ്റവും വലിയ കാര്യമായിരിക്കും എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. മാനവികത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് പലരും കമന്റുകളായി കുറിക്കുന്നു.


