കൊവിഡിനെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കും: പ്രധാനമന്ത്രി

By Web TeamFirst Published Sep 27, 2020, 11:41 AM IST
Highlights

വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയിൽ, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും." നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കും. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയെ എത്രകാലം മാറ്റിനിര്‍ത്തും; രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി യുഎന്‍ പൊതുസഭയില്‍ ശബ്ദമുയര്‍ത്തി മോദി

ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമായിരുന്നു പ്രധാനമന്ത്രി ഉയര്‍ത്തിയത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നും മോദി ചോദിച്ചിരുന്നു.

click me!