
ദില്ലി: രാജ്യത്തെ മുഴുവൻ ജനങ്ങളും പശ്ചിമബംഗാളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങൾ പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ 110 കിലോമീറ്റർ മുതൽ 120 കിലൊമീറ്റർ വരെ വേഗത്തിലാണ് ഉംപുൻ ചുഴലിക്കാറ്റ് വീശിയത്. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ ഇന്നലെ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റ് വൻനാശ നഷ്ടങ്ങളാണ് വരുത്തിയത്. നാലുമണിക്കൂർ നീണ്ടു നിന്ന ചുഴലിക്കാറ്റിൽ വൈദ്യുതതൂണുകളും മരങ്ങളും പിഴുതെറിയപ്പെടുകയും കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. പന്ത്രണ്ട് പേരാണ് ദുരന്തത്തിൽ മരിച്ചത്.
'ഉംപുൻ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. ഈ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും പശ്ചിമ ബംഗാളിനൊപ്പം നിൽക്കുന്നു. ദുരന്തത്തിൽ നിന്ന് എത്രയും വേഗം മുക്തി നേടാൻ പ്രാർത്ഥിക്കുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നു.' മോദി ട്വീറ്റിൽ കുറിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേന സംഘങ്ങൾ സജീവമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
സ്ഥിതിഗതികളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടാകില്ല. കൊവിഡ് ബാധയേക്കാൾ കനത്ത നാശനഷ്ടമാണ് ഉംപുൻ പശ്ചിമ ബംഗാളിൽ ഏൽപിച്ചതെന്നും ഒരു ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam