
ദില്ലി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ദില്ലി പൊലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐആറിലാണ് ഈ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ്ഐആറിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL), യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.
ഇപ്പോൾ പ്രവർത്തനരഹിതമായ നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്‌സ് മർച്ചന്‍റൈസ്, രണ്ട് കോൺഗ്രസ് നേതാക്കൾക്ക് 76 ശതമാനം ഓഹരിയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യംഗ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ നൽകിയതായി ആരോപിക്കപ്പെടുന്നു. ഈ ഇടപാടിലൂടെ യംഗ് ഇന്ത്യൻ കോൺഗ്രസിന് 50 ലക്ഷം രൂപ നൽകുകയും ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള എജെഎല്ലിന്‍റെ നിയന്ത്രണം നേടുകയും ചെയ്തുവെന്നാണ് ആരോപണം.
ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കേസെടുത്തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ദില്ലി പൊലീസിന് കൈമാറിയിരുന്നു. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് സെക്ഷൻ 66(2) പ്രകാരം, ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ദില്ലി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2012-ൽ പ്രാദേശിക കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് നാഷണൽ ഹെറാൾഡ് കേസ് ആരംഭിക്കുന്നത്. ജവഹർലാൽ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും 1938-ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെ ഏറ്റെടുക്കലിൽ കോൺഗ്രസ് നേതാക്കൾ വഞ്ചനയും വിശ്വാസലംഘനവും നടത്തിയെന്നാണ് സ്വാമി ആരോപിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം 2008-ൽ നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരണം നിർത്തിയിരുന്നു. അന്ന് മാതൃ കമ്പനിക്ക് 90 കോടി രൂപയുടെ തിരിച്ചടയ്ക്കാത്ത കടമുണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാൻ എജെഎല്ലിനെ സഹായിക്കുന്നതിനായി കോൺഗ്രസ് പാർട്ടി 10 വർഷത്തിനിടെ നൂറോളം തവണകളായി 90 കോടി രൂപ വായ്പ നൽകി.
എന്നാൽ, നാഷണൽ ഹെറാൾഡിനോ എജെഎല്ലിനോ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ അത് ഇക്വിറ്റി ഓഹരികളാക്കി മാറ്റിയെന്നുമാണ് കോൺഗ്രസ് പറയുന്നത്. പാർട്ടിക്ക് ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കാൻ കഴിയാത്തതിനാൽ, 2010-ൽ രൂപീകരിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യംഗ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഓഹരികൾ അനുവദിച്ചു. യംഗ് ഇന്ത്യൻ കമ്പനിയിൽ രാഹുലിനും സോണിയക്കും 38 ശതമാനം വീതം ഓഹരികളുണ്ട്. ബാക്കിയുള്ള ഓഹരികൾ മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബെ എന്നിവർക്കാണ്. അങ്ങനെയാണ് സോണിയയും രാഹുലും ഡയറക്ടർമാരായിരിക്കുന്ന യംഗ് ഇന്ത്യൻ, എജെഎല്ലിന്‍റെ ഭൂരിപക്ഷം ഓഹരി ഉടമകളായി മാറിയത്.