
ദില്ലി: രാജ്യവ്യാപക എസ്ഐആർ ഈ വർഷം തന്നെ പൂർത്തിയാക്കാൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുൻ പട്ടികയിലുള്ള വോട്ടർമാരെയും ബന്ധുക്കളെയും കണ്ടെത്തുന്ന ബീഹാർ മാതൃക പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേ സമയം, ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന് ഭൂരിപക്ഷം സംസ്ഥാന ഉദ്യോഗസ്ഥരും നിർദ്ദേശിച്ചില്ല.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇന്നലെ ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ തവണ എസ്ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിച്ചിരുന്നു. ബിഹാറിൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾ അവിടുത്തെ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ എസ്ഐആറിനുള്ള പ്രാഥമിക നടപടികൾ ഈ മാസം പൂർത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസർമാരും യോഗത്തിൽ അറിയിച്ചു.
ഏതൊക്കെ രേഖകൾ വോട്ടർപട്ടിക പരിഷ്കരണത്തിന് സ്വീകരിക്കാമെന്നതിൽ എല്ലാ ഉദ്യോഗസ്ഥരും അഭിപ്രായം അറിയിച്ചു. എന്നാൽ ആധാർ രേഖയായി സ്വീകരിക്കുമോയെന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ മൗനം പാലിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് തീവ്ര പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തിൽ നിർദേശിച്ചിരുന്നു. ബിഹാറിന് പിന്നാലെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യവ്യാപക എസ്ഐആറിനുള്ള നടപടികൾ ഊർജിതമാക്കുകയാണെന്ന സൂചനയാണ് കമ്മീഷൻ നൽകുന്നത്.