
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പവാറിനെ വാതിൽപടിയിൽ എത്തി മോദി സ്വീകരിക്കുന്നതും നേതാക്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ചില പേപ്പറുകൾ കൈമാറുന്നതും ചിത്രങ്ങളിൽ കാണാം.
പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയത്തിനുള്ള സുപ്രധാന ബില്ല് പാസാക്കാനായി ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നതിനിടെ ആണ് പവാറിൻ്റെയും സുപ്രിയ സുലെയുടെയും കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിക്ക് എട്ട് എംപിമാരാണ് ഉള്ളത്. മുഴുവൻ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന ഉറപ്പ് നൽകിയാൻ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി അറിയിച്ചിരുന്നു. 50 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് രേഖാമൂലം എഴുതി നൽകിയാൽ തങ്ങൾ ചർച്ച നടത്തുമെന്നായിരുന്നു സുപ്രിയ സുലെ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
നേരത്തെ, എൻസിപി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹം ഉടലെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ സാന്നിധ്യത്തിൽ രണ്ട് എൻസിപിയുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു സംഭവവികാസം. എന്നാൽ അഭ്യൂഹങ്ങൾ സുപ്രിയ സുലെ നിഷേധിച്ചു. അതിനിടെ, കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ പ്രതിഷേധം നടക്കുന്ന ജന്തർ മന്തർ സന്ദർശിച്ച ശേഷമാണ് ശരദ് പവാറും സുപ്രിയ സുലെയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച പവാർ സിജെപി സമരം ഉന്നയിച്ചേക്കാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam