പിടിച്ചടക്കി ശരത് പവാർ; രണ്ട് എംഎൽമാരെക്കൂടി തിരികെയെത്തിച്ചു, അജിത് പവാറിനൊപ്പം ഇനി ഒരാൾ മാത്രം

Published : Nov 25, 2019, 09:01 AM ISTUpdated : Nov 25, 2019, 10:04 AM IST
പിടിച്ചടക്കി ശരത് പവാർ; രണ്ട് എംഎൽമാരെക്കൂടി തിരികെയെത്തിച്ചു, അജിത് പവാറിനൊപ്പം ഇനി ഒരാൾ മാത്രം

Synopsis

എൻസിപി വിദ്യാർ‍ത്ഥി സംഘടനയുടെ പ്രസിഡന്‍റ് സോണിയ ദൂഹനും, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ധീരജ് ശർമ്മയും ചേർന്നാണ് രണ്ട് എംഎൽഎമാരെ ദില്ലിയിൽ നിന്ന് തിരികെയെത്തിച്ചത്. 

മുംബൈ: അജിത് പവാറിനൊപ്പം പോയ രണ്ട് എംഎൽഎമാർ കൂടി തിരികെയെത്തിയതായി എൻസിപി. ദൗലത് ദരോദ, അനിൽ പാട്ടീൽ എന്നീ എംഎൽഎമാരെയാണ് ഇന്ന് മുംബൈയിൽ തിരികെയത്തിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലായിരുന്നു ഇരുവരും. ഇപ്പോൾ എൻസിപി എംഎൽഎമാരെ പാ‍ർപ്പിച്ചിരിക്കുന്ന ഹയാറ്റ് ഹോട്ടലിലാണ് ഇരുവരും.

എൻസിപി വിദ്യാർ‍ത്ഥി സംഘടനയുടെ പ്രസിഡന്‍റ് സോണിയ ദൂഹനും, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ധീരജ് ശർമ്മയും ചേർന്നാണ് രണ്ട് എംഎൽഎമാരെ ദില്ലിയിൽ നിന്ന് തിരികെയെത്തിച്ചത്. ഇതോടെ 54ൽ 52 എംഎൽമാരും ശരത് പവാർ പാളയത്തിൽ മടങ്ങിയെത്തിയെന്നാണ് അവകാശവാദം. 41 പേരുടെ പിന്തുണയേ അജിത് പവാറിനെ നീക്കാൻ ഉണ്ടായിരുന്നുള്ളു എന്നാണ് കോടതിയിൽ എൻസിപി അറിയിച്ചിരുന്നത്. അന്ന ബൻസോടെ എന്ന എംഎൽഎ മാത്രമാണ് ഇനി അജിത് പവാറിനൊപ്പമുള്ളത്. ഇയാൾ ദില്ലിയിലെ ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയാണ്. പിമ്പിരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇയാൾ.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കാനിരിക്കെയാണ് രണ്ട് എംഎൽഎമാരെക്കൂടി എൻസിപി പാളയത്തിൽ തിരികെയെത്തിച്ചത്. സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണർ നൽകിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തുമാണ് കോടതിക്ക് മുൻപിൽ വരുന്നത്. പത്തരക്ക് കോടതി ചേരുന്നതിന് മുൻപ് രേഖകൾ എത്തിക്കണമെന്നാണ് നിർദ്ദേശം.

രേഖകളുടെ സാധുത പരിശോധിച്ച ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ഹർജിയിലെ ആവശ്യത്തിൽ കോടതി തീരുമാനമെടുക്കുക. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ദേവേന്ദ്ര ഫട്നാവിസ് സർക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശിവസേന- എന്‍സിപി കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി. വിശ്വാസ വോട്ടെടുപ്പ് മാത്രമേ മുന്‍പിലുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ