മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല്; നിര്‍ണായക നീക്കത്തിന് മോദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Aug 10, 2019, 7:17 PM IST
Highlights

ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ലിന്‍റെ ലക്ഷ്യമെന്നാണ് അറിയുന്നത്. 

ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്‍റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ലിന്‍റെ ലക്ഷ്യമെന്നാണ് അറിയുന്നത്. നേരത്തെ ഇക്കാര്യം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്ത പാര്‍ലമെന്‍റ് സെഷനിലാവും ഇത് അവതരിപ്പിക്കുകയെന്നാണ് നിലവിലെ വിവരം.

കഴിഞ്ഞ പാര്‍ലമെന്‍റ് സെഷനില്‍ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ ബില്‍, മുത്തലാഖ് ബില്ല് അടക്കം 30 തോളം നിര്‍ണായക ബില്ലുകളാണ് പാര്‍ലമെന്‍റ് പാസാക്കിയത്. ഒരു പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇത്രയും കൂടുതല്‍ ബില്ലുകളില്‍  പാസാക്കുന്നത് ആദ്യമായാണ്.  ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായത്.  ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ബില്‍, പ്രതിപക്ഷത്തിന്‍റെ വലിയ പ്രതിഷേധങ്ങളെ മറികടന്നാണ് പാസാക്കിയത്.

ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്ന മുത്തലാഖ് ബില്ലിനെതിരെയും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും നല്ല സെഷന്‍ എന്നാണ് കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തെക്കുറിച്ച് സ്പീക്കര്‍ ഓം ബിര്‍ലയും വെങ്കയ്യനായിഡുവും പ്രതികരിച്ചത്. 

click me!