ജമ്മുകശ്മീർ ഗവർണ്ണർ സ്ഥാനത്തേക്ക് കെ വിജയകുമാര്‍ ഐപിഎസ്?

By Web TeamFirst Published Aug 10, 2019, 7:15 PM IST
Highlights

ജമ്മുകശ്മീർ രണ്ടാക്കാനുള്ള ബില്ലിൽ ഇന്നലെ രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായി ജമ്മുകശ്മീരും ലഡാക്കും മാറുന്നതോടെ നിലവിലെ ഗവർണ്ണർ സത്യപാൽ മല്ലിക്കിനു മാറേണ്ടി വരും

ശ്രീനഗര്‍: ജമ്മുകശ്മീർ ഗവർണ്ണർ സ്ഥാനത്തേക്ക് മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.വിജയകുമാറിന്‍റെ പേര് പരിഗണനയിലെന്ന് സൂചന. വീരപ്പൻ വേട്ടയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ വിജയകുമാർ നിലവിൽ ഗവർണ്ണറുടെ ഉപദേശകനാണ്.

 ജമ്മുകശ്മീർ രണ്ടാക്കാനുള്ള ബില്ലിൽ ഇന്നലെ രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായി ജമ്മുകശ്മീരും ലഡാക്കും മാറുന്നതോടെ നിലവിലെ ഗവർണ്ണർ സത്യപാൽ മല്ലിക്കിനു മാറേണ്ടി വരും. ജമ്മുകശ്മീരിൽ ലഫ്റ്റനൻറ് ഗവർണ്ണറും ലഡാക്കിൽ അഡ്മിനിസ്ട്രേറ്ററും വരും. പുതിയ ലഫ്റ്റനൻറ് ഗവർണ്ണറായി സിആർപിഎഫ് മുൻ ഡയറക്ടർ ജനറൽ കെ.വിജയകുമാർ പരിഗണനയിലെന്നാണ് സൂചന. പാലക്കാട് സ്വദേശിയായ വിജയകുമാർ എന്നാൽ ജനിച്ചുവളർന്നത് തമിഴ്നാട്ടിൽ . 

അച്ഛൻ കൃഷ്ണനും പോലീസ് ഉദ്യോസസ്ഥനായിരുന്നു. നിയമത്തിൽ ഉന്നതബിരുദം നേടിയ വിജയകുമാർ തമിഴ്നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായത് 1975ൽ. രാജീവ് ഗാന്ധിയുടെയും, ജയലളിതയുടെയും സുരക്ഷാ ചുമതല. ഭീകരവാദം അതിൻറെ പാരമ്യത്തിൽ നില്ക്കെ കശ്മീരിൽ അതിർത്തി രക്ഷാസേന ഐജി. സീആർപിഎഫിൻറെ തലവനും ആഭ്യന്തരമന്ത്രാലയത്തിൽ ഉപദേഷ്ടാവും. 

രണ്ടായിരത്തി പതിനെട്ടിൽ ജമ്മുകശ്മീർ ഗവർണ്ണറുടെ ഉപദേശകനായി. കെ വിജയകുമാറിനെ രാജ്യാന്തര ശ്രദ്ധയിൽ എത്തിച്ചത് വീരപ്പനെ വധിച്ച ഓപ്പറേഷൻ. പ്രത്യേക ദൗത്യ സേനയ്ക്ക് നേതൃത്വം നല്കിയ വിജയകുമാർ വീരപ്പനെ വധിച്ചത് രണ്ടായിരത്തി നാല് ഒക്ടോബറിൽ. മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിനും കേന്ദ്രത്തിൽ വിജയകുമാർ നേതൃത്വം നല്കി. 

പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കശ്മീരിൽ പ്രതിഷേധം തുടങ്ങി കഴിഞ്ഞു. ഒന്നരക്കോടിയോളം വരുന്ന ജമ്മുകശ്മീർ ജനതയെ ഒപ്പം നിറുത്തുക എന്ന വലിയ ദൗത്യമാണ് ആദ്യ ലഫ്റ്റനൻറ് ഗവർണ്ണറായി നിയമിതനായാൽ വിജയകുമാറിനെ കാത്തിരിക്കുന്നത്.

click me!