
ദില്ലി: 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അസാധാരണമായ വോട്ടിംഗ് രീതികൾ നടന്നതായി ആരോപണം. സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകല പ്രഭാകറാണ് ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ആന്ധ്രാപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ഏകദേശം 17 ലക്ഷം വോട്ടുകൾ അർദ്ധരാത്രിക്ക് ശേഷം രേഖപ്പെടുത്തിയതായും അറു സെക്കൻഡിൽ വോട്ട് രേഖപ്പെടുത്തിയെന്നതുമാണ് അസാധാരണതയായി പരകല പ്രഭാകർ നിരീക്ഷിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. ആകെയുള്ള വോട്ടിന്റെ 4.16 ശതമാനം രാത്രി 11.45നും പുലർച്ചെ 2നും ഇടയിലാണ് പോൾ ചെയ്തതെന്നും ഈ വോട്ടുകളെല്ലാം എൻഡിഎ സഖ്യത്തിന് അനുകൂലമായെന്നുമാണ് പരകല പ്രഭാകർ ആരോപിക്കുന്നത്. എൻഡിഎ സഖ്യമാണ് 2024ൽ 175ൽ 164 സീറ്റുകളും നേടി വൻ വിജയം നേടിയത്.
3500ഓളം ബൂത്തുകളിൽ പുലർച്ചെ 2 മണി വരെ പോളിംഗ് നടന്നുവെന്നുമാണ് ആരോപണം. രാത്രി 8 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിലായി 52ലക്ഷം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അർദ്ധ രാത്രിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തിയെന്നും പരകല പ്രഭാകർ ആരോപിക്കുന്നത്. ഒരാൾ വോട്ട് രേഖപ്പെടുത്തിയ ശേഷം 14 സെക്കൻഡ് ആണ് റിസെറ്റ് ചെയ്യാൻ ഇവിഎമ്മിന് ആവശ്യമുള്ളത്. ഇവിടെയാണ് ആറ് സെക്കൻഡിൽ അടുത്ത വോട്ട് രേഖപ്പെടുത്തിയത്. എട്ട് മണിക്ക് ശേഷം നടന്ന വോട്ടിംഗിൽ അസാധാരണത്വം ഉണ്ടെന്നും പരകല പ്രഭാകർ ആരോപിക്കുന്നു. ആന്ധ്ര പ്രദേശിൽ നാലാം തവണയും മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു തിരിച്ചുവരുന്നതാണ് 2024ലെ തെരഞ്ഞെടുപ്പിൽ കാണാനായത്. ടിഡിപി മാത്രം 135 സീറ്റുകളാണ് നേടിയത്. എൻഡിഎ സഖ്യത്തിലെ ബിജെപി 8 സീറ്റും പവൻ കല്യാണിന്റെ ജന സേന 21 സീറ്റും നേടിയിരുന്നു.
2024 മെയ് 13 ന് 5 മണിക്ക് ആന്ധ്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മാധ്യമങ്ങളോട് 68.04 ശതമാനം പോളിംഗ് നടന്നതായി വിശദമാക്കി. രാത്രി എട്ട് മണിക്ക് നൽകിയ പ്രസ്താവനയിൽ ഇത് 68.12 ശതമാനമായി. രാത്രി 11.45ന് ഇത് 76.50 ശതമാനമായി. നാല് ദിവസങ്ങൾക്ക് ശേഷം നൽകിയ പൂർണ വിവരത്തിൽ ഇത് 81.79 ശതമാനമായിയെന്നതും സംശയത്തോടെയാണ് പരകല പ്രഭാകർ നിരീക്ഷിക്കുന്നത്. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ ഖുറേഷി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെ വിമർശിച്ചു. ഓരോ ബൂത്തിലെയും വോട്ട് വിവരങ്ങൾ അടങ്ങിയ 'ഫോം 17 സി' പരസ്യപ്പെടുത്താത്തതിനെ പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് രേഖകളുടെ കൃത്യമായ ഓഡിറ്റിംഗ് വേണമെന്നും വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണണമെന്നും ഇവർ ആവശ്യപ്പെട്ടു. 175 സീറ്റുകളിൽ 164 സീറ്റുകളും നേടിയാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ആന്ധ്രയിൽ അധികാരത്തിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam