
ബെംഗളൂരു: കാമുകിയുമായുള്ള വിവാഹ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കര്‍ണാടകയിലെ ബെംഗളൂരുവിൽ ശ്രേയസ് (22) എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ നാല് വർഷമായി ഒരു യുവതിയുമായി ശ്രേയസ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് പണം അത്യാവശ്യമാണെന്ന് മനസിലാക്കിയതിനെ തുടർന്ന്, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയും ബന്ധുവുമായ ഹരീഷിന്‍റെ വീട്ടിൽ മോഷണം നടത്താൻ ഇയാൾ പദ്ധതിയിടുകയായിരുന്നു.
വീട്ടിൽ പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്ന ശ്രേയസ്, സ്വന്തം വിവാഹത്തിനായി അത് മോഷ്ടിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 15ന് ഇയാൾ ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം മോഷ്ടിച്ചുവെന്നാണ് കേസ്.
വീട്ടുടമയുടെ പരാതിയെ തുടർന്ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി പോലീസ് അന്വേഷണം ആരംഭിക്കുകയും ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്ന് 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇവയ്ക്ക് മൊത്തം 47 ലക്ഷം രൂപയോളം വിലവരും. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam