
ദില്ലി: നീറ്റ് പി.ജി പരീക്ഷ മൂല്യനിർണ്ണയത്തിൽ വ്യാപകപരാതി. വലിയ മാർക്ക് വ്യത്യാസമാണെന്നും പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നുമാണ് പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണയ നടപടികളും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ച് ഡോക്ടർമാരുടെ സംഘടനകളും രംഗത്ത് എത്തി. വിഷയത്തിൽ ഇടപെടൽ തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. നീറ്റ് യുജി പരീക്ഷവിവാദത്തിന് പിന്നാലെയാണ് നീറ്റ് പിജി പരീക്ഷഫലത്തെ കുറിച്ചും പരാതി ഉയരുന്നത്. ഈ മാസം 24നാണ് പീജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. എൻബിഇഎംഎസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല.
രണ്ടരലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ നീറ്റ് പിജി പരീക്ഷക്ക് ശേഷം സാധാരണ വിദ്യാർത്ഥികൾ അവർക്ക് ലഭിക്കേണ്ട മാർക്കിന്റെ ഏകദേശം സ്കോർ തയ്യാറാക്കാറുണ്ട്. ഇങ്ങനെ തയ്യാറാക്കുന്നതിൽ പരമാവധി 20 മാർക്കാണ് വൃത്യാസം വരുന്നത്. എന്നാൽ ഈക്കുറി പലർക്കും നൂറോളം മാർക്കിന്റെ വ്യത്യാസമുണ്ടെന്നാണ് പരാതി. ആയിരത്തിലധികം പേർ ഇക്കാര്യം ഉന്നയിക്കുന്നു. ആകെ 180 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുള്ളത്. 720 പരാമവധി മാർക്ക്, ഒരു ചോദ്യത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നെഗറ്റീവ് ഇങ്ങനെയാണ് രീതി.
ഫലം വന്നിട്ടും ഉത്തസൂചിക പുറത്തുവിടാത്തത് പിഴവ് മറയക്കാനാണെന്നാണ് ആരോപണം. ഔദ്യോഗിക ചോദ്യപേപ്പർ, ഉത്തരസൂചിക, എല്ലാംവരുടെയും രേഖപ്പെടുത്തിയ ഉത്തരങ്ങൾ എന്നിവ പുറത്തുവിടണമെന്നാണ് ആവശ്യം. ഓരോരുത്തർക്കും സ്വന്തം ഉത്തരങ്ങൾ പരിശോധിക്കാൻ അവസരം നൽകണം. വിഷയത്തിൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനണാണ് വിദ്യാർത്ഥികളുടെ തീരുമാനം.അതെസമയംഒക്ടോബർ ഒന്ന് മുതലോ അതിനുശേഷമോ ഔദ്യോഗിക ഉത്തരസൂചികയും മാർക്ക് പരിശോധിക്കാനുള്ള സൌകര്യവും ഒരുക്കുമെന്നാണ് എൻബിഇഎംഎസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam