എട്ട് വർഷമായി എല്ലാവർക്കും അറിയുന്ന പേര് 'നേഹ'; ആധാറും പാസ്പോർട്ടുമുണ്ട്, ശരിക്കും പേര് കലാം എന്ന് കണ്ടെത്തൽ

Published : Jul 19, 2025, 07:28 PM IST
neha fraud

Synopsis

എട്ട് വർഷമായി ഭോപ്പാലിൽ ട്രാൻസ്‌ജെൻഡർ വ്യക്തിയായി വേഷമിട്ട് കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇയാൾ ഇന്ത്യയിൽ താമസിക്കുകയും വിദേശ യാത്രകൾ നടത്തുകയും ചെയ്തിരുന്നു.

ഭോപ്പാൽ: ട്രാൻസ്‌ജെൻഡർ 'നേഹ' എന്ന വ്യാജേന കഴിഞ്ഞ എട്ട് വർഷമായി ഭോപ്പാലിൽ താമസിച്ചുവരികയായിരുന്ന അബ്‍ദുൾ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റത്തിന്‍റെയും വ്യാജ തിരിച്ചറിയൽ രേഖ ചമയ്ക്കലിന്‍റെയും വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പത്താം വയസിൽ ഇന്ത്യയിലേക്ക് കടന്ന കലാം, മുംബൈയിൽ രണ്ട് പതിറ്റാണ്ടോളം താമസിച്ച ശേഷമാണ് ഭോപ്പാലിലെ ബുധ്‌വാര പ്രദേശത്ത് സ്ഥിരതാമസമാക്കിയത്. അവിടെ ട്രാൻസ്‌ജെൻഡർ വ്യക്തിയായി വേഷമിട്ട് പ്രാദേശിക ഹിജ്ര സമൂഹത്തിൽ സജീവ അംഗമാകുകയായിരുന്നു ഇയാൾ. പ്രാദേശിക ഏജന്‍റുമാരുടെ സഹായത്തോടെ വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണായക രേഖകൾ ഇയാൾ സ്വന്തമാക്കി.

അബ്‍ദുൾ കലാം വ്യാജ തിരിച്ചറിയൽ രേഖയിൽ ജീവിച്ചുവെന്ന് മാത്രമല്ല, വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്രകൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബുധ്‌വാരയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ പലതവണ വീടുകൾ മാറി താമസിക്കുകയും 'നേഹ' എന്ന പേരിൽ മാത്രം എല്ലാവർക്കും അറിയാവുന്ന വ്യക്തിയായി മാറുകയും ചെയ്തു. ഇയാൾ ജൈവികമായി ട്രാൻസ്‌ജെൻഡർ ആണോ അതോ പിടികൂടുന്നത് ഒഴിവാക്കാനുള്ള മറയായി ഈ വ്യക്തിത്വം ഉപയോഗിച്ചതാണോ എന്ന് നിർണ്ണയിക്കാൻ നിലവിൽ വൈദ്യപരിശോധന നടത്തിവരികയാണ്.

മഹാരാഷ്ട്രയിലെ ട്രാൻസ്‌ജെൻഡർ പ്രവർത്തനങ്ങളിലും അബ്‍ദുൾ ഉൾപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളുടെ വേഷപ്രച്ഛന്നത ഒരു വലിയ ശൃംഖലയുടെ ഭാഗമാണോ എന്ന ചോദ്യമുയർത്തുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടോ അതോ അവർ അറിയാതെ സഹായം നൽകിയതാണോ എന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.

കലാമിന് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സഹായിച്ച രണ്ട് പ്രാദേശിക യുവാക്കളെ നിലവിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനും വ്യാജരേഖ ചമയ്ക്കലിനും സൗകര്യമൊരുക്കുന്ന ഒരു വലിയ ശൃംഖലയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരിക്കാം ഇതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അബ്‍ദുളിന്‍റെ മൊബൈൽ ഫോണിൽ നിന്നുള്ള കോൾ റെക്കോർഡിംഗുകളും ചാറ്റുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

ഫോറിനേഴ്‌സ് ആക്ട് പ്രകാരം കലാമിനെ 30 ദിവസത്തേക്ക് തടങ്കലിൽ വെച്ചിരിക്കുകയാണ്. റാക്കറ്റിന്‍റെ വ്യാപ്തിയും കലാമിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള മുൻകാല പ്രവർത്തനങ്ങളും നീക്കങ്ങളും ബന്ധങ്ങളും സമഗ്രമായി അന്വേഷിച്ച ശേഷം മാത്രം നാടുകടത്താനുള്ള നടപടികൾ അധികൃതർ ആരംഭിക്കും. ഒരു വിദേശ പൗരന് ഒരു പ്രധാന ഇന്ത്യൻ നഗരത്തിൽ വർഷങ്ങളോളം വ്യാജരേഖകൾ ഉപയോഗിച്ച് കണ്ടെത്താതെ താമസിക്കാൻ എങ്ങനെ സാധിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന