
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ 31 മരണം കൂടി ചൈനീസ് സർക്കാർ ഇന്ന് സ്ഥിരീകരിച്ചു. ഗിറോങ് ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് സർക്കാർ അറിയിച്ചത്. കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.
നേപ്പാളിൽ ഇന്നലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. തുരങ്കത്തിൽ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തു. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ നിന്ന് 900ത്തോളം പേരെയാണ് കാണാതായത്. ഈ തുരങ്കങ്ങളിൽ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ആകെ 843 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 85 എണ്ണം കുട്ടികളുടേതാണ്. 501 മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം ഇതിൽ 1030 മൃതദ്ദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 4898 പേരെയാണ് ഇനിയും കാണാനില്ലാത്തത്.
ടിബറ്റിലും 500 ഓളം പേരെ കണ്ടെത്താനുണ്ട്. ജഗ്ഗി വാസുദേവിൻറെ ഇഷ ഫൗണ്ടേഷൻ വഴി പോയ 80 വിദേശ ഇന്ത്യക്കാർ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ തകർന്നിരുന്നു. ഈ മേഖലയിൾ നിന്നാണ് 31 മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ചൈനീസ് സർക്കാരും തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരന്മാരായ നാല് പൊന്നാനി സ്വദേശികൾ അടക്കം മലയാളികളെ കുറിച്ചും പുതിയ വിവരങ്ങൾ ഒന്നും ബന്ധുക്കൾക്ക് കിട്ടിയിട്ടില്ല.
പൊന്നാനി സ്വദേശി ശ്രീധരൻ അയ്യരും കുടുംബവും ഏറ്റവും അവസാനം ഉണ്ടായിരുന്നു എന്ന് കരുതുന്ന മേഖലയിൽ ഇന്നലെയും ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടന്നു. തിരച്ചിൽ ഇന്നും തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ത്യൻ സൈന്യം കൂടുതൽ ബെയ്ലി പാലങ്ങൾക്കുള്ള സംവിധാനങ്ങൾ നേപ്പാളിൽ എത്തിക്കും. ടിബറ്റ് മേഖലയിൽ കുടുങ്ങിക്കിടന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരായി മടങ്ങിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam