സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിൽ നിന്ന് എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷണം പോയ സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. സൈനിക ക്യാമ്പിലെത്തിയ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും തെലങ്കാന പോലീസ്, കരസേന ഇൻ്റലിജൻസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ദില്ലി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക ക്യാമ്പിൽ എത്തി പ്രാഥമിക വിവരശേഖരണം നടത്തി. തെലങ്കാന പോലീസ്,കരസേന ഇൻ്റലി ജൻസ് ഉൾപ്പെടെയുള്ളവരുമായി യോഗം ചേർന്നതായി വിവരം. കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച സംഘം കന്റോൺമെന്റിനുള്ളിൽ നിലവിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണം വിപുലമായ സാഹചര്യത്തിലാണ് ഈ സന്ദർശനം. അഗ്നിവീർന്മാർ, ശിപായിമാർ, പരിസരത്ത് പ്രവേശിച്ച മറ്റുള്ളവർ എന്നിവരുൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

മിലിട്ടറി ഇന്റലിജൻസും തെലങ്കാന പൊലീസിന്റെ ഒന്നിലധികം യൂണിറ്റുകളും അന്വേഷണത്തിൽ സഹായിക്കുന്നുണ്ട്. കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. സെക്കന്തരാബാദ് കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നിന്ന് 4 എകെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ എന്നിവയടക്കം ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്.

ഓ​ഗസ്റ്റ് 30 രാത്രിയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.