
ദില്ലി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജെയ്സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങി കിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷൻ വഴി പോയവരിൽ ഇന്ത്യൻ വംശജരും ഉണ്ട്. 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലങ്ങൾ തയ്യാറാക്കാൻ ഇന്ത്യ സഹായിക്കും. എന്നാൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉണ്ടോ എന്നതിൽ ഇപ്പോൾ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നു.
നേപ്പാൾ പ്രളയ മേഖലയിൽ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒരു ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്ലോഗർ ആൽവിൻ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി, നടുക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികൾ ബന്ധപ്പെട്ടിരുന്നുവെന്നും അവർ സുരക്ഷിതരാണെന്നും ആൽവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവൽ വ്ലോഗറായ ആൽവിൻ പകർത്തിയ ദൃശ്യങ്ങൾ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ്.
മകൻ്റെ നിർബന്ധം കാരണം അവസാനനിമിഷം നേപ്പാൾ യാത്ര ഒഴിവാക്കിയ ആർക്കിടെക്‌ട് ശങ്കർ ആശ്വാസത്തിലാണ്. ഈ ദിവസം അവിടെ ഉണ്ടാകേണ്ടതായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകൻ വിലക്കി. അതിനാൽ പോയില്ല. അപകടത്തിൽ ചില ആശങ്കകൾ പങ്കുവെയ്ക്കുകയാണ് ശങ്കർ. നേപ്പാളിൽ കുറച്ച് വർഷമായി ജോലി ചെയ്യുന്ന ആളാണ്. ഐക്യരാഷ്ട്രസഭയുടെ സംഘത്തിലുണ്ടായിരുന്ന ആളാണ്. വളരെ ദുർബലമായ ഭൂപ്രകൃതിയാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ആശങ്ക വർദ്ധിക്കുന്നു. മല ഇടിഞ്ഞ് വരുന്നു. ഗ്രാമങ്ങൾ അപ്രത്യക്ഷമാകുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ കെട്ടിടനിർമ്മാണം നടക്കുന്നതെന്ന് ശങ്കർ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അതിനാൽ അപകടത്തിൻ്റെ വ്യാപ്തി കൂടാം. കേരളത്തിൽ നിന്ന് പോയ സംഘം സാഗാ എന്ന സ്ഥലത്താണ് നിൽക്കുന്നത്. മാനസരോവറിൽ എത്തിയില്ല. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ മാനസരോവറിൽ എത്തിവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ശങ്കർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam