
ദില്ലി: കാണ്ഡഹാർ വിമാനറാഞ്ചലിനെ പറ്റിയുള്ള വെബ് സീരീസീനെതിരായ പരാതിയിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവി വാർത്താ വിതരണ മന്ത്രാലയത്തിൽ ഹാജരായി. ഇന്നലെയാണ് ഹാജരാകാൻ കേന്ദ്രസർക്കാർ നോട്ടീസ് നൽകിയത്. സീരീസിന്റെ ഉള്ളടക്കം പരിശോധിക്കുമെന്നും, ഭാവിയിൽ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകൾ രാജ്യത്തെ വികാരവും പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്ലിക്സ് അധികൃതർ ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വിമാനറാഞ്ചൽ നടത്തിയവർക്ക് സീരീസിൽ ഹിന്ദു പേരുകൾ നൽകിയത് വിവാദമായിരുന്നു. അന്നത്തെ എൻഡിഎ സർക്കാറിന്റെ വീഴ്ചയെ കുറിച്ചും ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക് എന്ന സീരീസീൽ പ്രതിപാദിക്കുന്നുണ്ട്. 'ഐസി 814:ദ കാണ്ഡഹാർ ഹൈജാക്ക്'ൻ്റെ ട്രെയിലർ ഓഗസ്റ്റ് 19 നാണ് പുറത്തിറങ്ങിയത്. 1999 ൽ അഞ്ച് പാകിസ്ഥാൻ തീവ്രവാദികൾ ഒരു ഇന്ത്യൻ വിമാനം ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് സീരീസ്.
രാജ്യത്തെ നടുക്കിയ വേദനാജനകമായ സംഭവമായ കാണ്ഡഹാർ ഹൈജാക്കുമായി ബന്ധപ്പെട്ടതാണ് സീരീസ്. ‘ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്’ എന്ന സീരിസില്‍ വിജയ് വർമ്മ റാഞ്ചിയ വിമാനത്തിന്‍റെ ക്യാപ്റ്റനായാണ് വേഷമിടുന്നത്. വിജയ് വർമ്മയെ കൂടാതെ, നസറുദ്ദീൻ ഷാ, മനോജ് പഹ്‌വ, കുമുദ് മിശ്ര, അരവിന്ദ് സ്വാമി, ദിയാ മിർസ, പങ്കജ് കപൂർ, പത്രലേഖ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
'മുൽക്ക്', 'തപ്പഡ്', 'ആർട്ടിക്കിൾ 17' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍ അനുഭവ് സിൻഹയുടെ ഒടിടി അരങ്ങേറ്റം കൂടിയാണ് 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്. കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814, തീവ്രവാദികൾ ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തിരിച്ചുവിട്ടു. തീവ്രമായ ചർച്ചകളാലും സങ്കീർണ്ണമായ നയതന്ത്ര ശ്രമങ്ങളാലും അടയാളപ്പെടുത്തിയ ഈ തർക്കം ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam