
ദില്ലി: പരിസ്ഥിതിലോല പ്രദേശമായ ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ 81,000 കോടി രൂപയുടെ ബൃഹദ് വികസന പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ വാഗ്വാദം മുറുകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 13,000 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ -മിലിട്ടറി വിമാനത്താവളം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്രേറ്റ് നിക്കോബാറിന്‍റെ തെക്കുകിഴക്കൻ തീരത്ത് ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക - സിവിലിയൻ ആവശ്യങ്ങൾക്കായുള്ള സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കാംബെൽ ബേയിലുള്ള ഐഎൻഎസ് ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരമാണ് പുതിയ പദ്ധതി.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ ആഗോള കപ്പൽ പാതയായ മലാക്ക കടലിടുക്കിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തോട് ചേർന്നാണ് ഈ നിർദ്ദിഷ്ട വിമാനത്താവളം വരുന്നത് എന്നതിനാൽ ഇതിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. ലോകത്തിലെ വലിയൊരു പങ്ക് കണ്ടെയ്‌നർ ഗതാഗതവും ഇന്ധനക്കപ്പലുകളും കടന്നുപോകുന്ന ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കാനും അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുമുള്ള ഇന്ത്യയുടെ ശേഷി പുതിയ വിമാനത്താവളം വഴി വർദ്ധിക്കും. അഞ്ചു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വിമാനത്താവളം സിവിലിയൻ ആവശ്യങ്ങൾക്ക് കൂടി തുറന്നുനൽകുമെങ്കിലും ഇതിന്റെ പൂർണ്ണ നിയന്ത്രണം ഇന്ത്യൻ നാവികസേനയ്ക്കായിരിക്കും.
ഐഎൻഎസ് ബാസിലെ നിലവിലെ 4500 അടി റൺവേ 10000 അടിയായി നീട്ടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പുതിയ വിമാനത്താവളം എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. ഭൂപ്രകൃതിയിലെ വെല്ലുവിളികളും സാങ്കേതിക തടസ്സങ്ങളും കാരണം റൺവേ വികസിപ്പിക്കുന്നത് ദുഷ്കരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നത് തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെ ആവാസ വ്യവസ്ഥകൾക്കും വനത്തിനും വന്യജീവികൾക്കും വലിയ ആഘാതം സൃഷ്ടിക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
81000 കോടി രൂപയുടെ ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുടെ ഭാഗമാണ് ഈ വിമാനത്താവളം. ഗലാത്തിയ ബേയിൽ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലാണ് മറ്റൊരു പ്രധാന പദ്ധതി. നിലവിൽ ചരക്കുനീക്കത്തിനായി സിംഗപ്പൂർ, കൊളംബോ തുടങ്ങിയ വിദേശ തുറമുഖങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. വിമാനത്താവളത്തോടൊപ്പം പവർ പ്ലാന്റുകളും ടൗൺഷിപ്പുകളും വികസിപ്പിക്കുന്നത് വഴി ഗ്രേറ്റ് നിക്കോബാറിനെ സുസ്ഥിരമായ ഒരു ആഗോള സാമ്പത്തിക - പ്രതിരോധ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്ന് എന്നാണ് അദ്ദേഹം ആരോപിച്ചത്. പ്രദേശം സന്ദർശിച്ച് പവിഴപ്പുറ്റുകൾക്കിടയിൽ സ്കൂബ ഡൈവിംഗ് നടത്തിയ ശേഷമായിരുന്നു പ്രതികരണം. വികസനത്തിന്റെ പേരിൽ ഒന്നരക്കോടിയിലധികം മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നും പവിഴപ്പുറ്റുകൾ നശിക്കുമെന്നും വംശനാശഭീഷണി നേരിടുന്ന ഷോമ്പൻ ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ ഒഴിഞ്ഞുപോവേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിരോധ ആവശ്യങ്ങൾ മാത്രമാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള ഐഎൻഎസ് ബാസ് വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരം മെഗാ പ്രൊജക്റ്റുമായി മുന്നോട്ട് പോകുന്നതിലെ സുതാര്യത പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ പദ്ധതിക്കെതിരെ 'ഗ്രീൻ ഓവർ ഗ്രീഡ്' കാമ്പയിനും കോൺഗ്രസ് ആരംഭിച്ചിരുന്നു. എന്നാൽ ഇന്തോ - പസഫിക് മേഖലയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ നിക്ഷേപം അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam