കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു
തിരുവനന്തപുരം: ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നത് ഇനിയും വൈകും. ജിപിഎസ് കോളര്‍ എത്തിക്കുന്നതിൽ വീണ്ടും മാറ്റമുണ്ടായതോടെയാണിത്. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമിൽ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്. നേരത്തെ ബെംഗലുരുവിൽ നിന്ന് ഇത് എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് വേണ്ടെന്ന് വെച്ചു.
അതിനിടെ ഇന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. പൂപ്പാറ തലക്കുളത്താണ് ഇന്ന് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ആനയുടെ ആക്രമണം ഭയന്ന് ലോറിയിൽ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
