
മുംബൈ: നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുന്നിൽ അമ്മയുടെ കൺമുന്നിൽ വച്ച് മരിച്ചു.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമിതമായ രക്തസ്രാവം മൂലം യുവതിയുടെ നിലയും ഗുരുതരമാണ്. കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറിൽ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രസവത്തെത്തുടർന്ന് അമിതമായി രക്തസ്രാവമുണ്ടായ സ്ത്രീയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം യുവതിയെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.
പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾ ആരോഗ്യമുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴിയില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ കുട്ടികൾ മരിച്ചു.
അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നിലയും വഷളായി, കുടുംബാംഗങ്ങൾ കയറും ബെഡ്ഷീറ്റും മരവും ഉപയോഗിച്ച് ഒരു താൽക്കാലിക സ്‌ട്രെച്ചർ നിർമിച്ച് സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. അപകടകരമായ വഴി താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് ട്വീറ്റ് ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ബുധറിന്റെ ഇരട്ടക്കുട്ടികൾ മരിച്ചതെന്നും അവർ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ ലഭ്യമല്ലാത്തതിനാലാണ് ഇത്തരം നിരവധി സംഭവങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും വിഷയം ടാഗ് ചെയ്ത് അവർ ഓർമിപ്പിച്ചു.
സംഭവം ദൗർഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ പാവപ്പെട്ടവർ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നത് ദുഃഖകരമാണെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam