വിഘടനവാദ പ്രവര്‍ത്തനങ്ങൾക്ക് പണമെത്തുന്നതെവിടെ നിന്ന്? ദില്ലിയിലും ശ്രീനഗറിലും എൻഐഎ റെയ്ഡ്

By Web TeamFirst Published Oct 29, 2020, 12:46 PM IST
Highlights

ഭീകരവാദ പ്രവർത്തനങ്ങൾക്കായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ശ്രീനഗറിലും ദില്ലിയിലും റെയ്ഡ്. ഫലാഹ് ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയൻസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെൻ്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നീ ഓഫീസുകളിൽ റെയ്ഡ് തുടരുകയാണ്.

ശ്രീനഗർ: ജമ്മുകശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങൾക്ക് പണമെത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്. ശ്രീനഗറിലെ 6 എൻജിഒകളും ട്രസ്റ്റുകളും ദില്ലിയിലെ ചാരിറ്റി കേന്ദ്രത്തിലും അടക്കം ഒമ്പത് ഇടങ്ങളിലാണ് ഇന്ന് റെയ്ഡ് പുരോഗമിക്കുന്നത്. 

ഭീകരവാദ പ്രവർത്തനങ്ങൾക്കായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ശ്രീനഗറിലും ദില്ലിയിലും റെയ്ഡ് നടന്നത്. ഫലാഹ് ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയൻസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെൻ്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നീ ഓഫീസുകളിൽ റെയ്ഡ് തുടരുകയാണ്. ദില്ലിയിലെ മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ - ഇസ്ലാം ഖാൻ അധ്യക്ഷനായ ചാരിറ്റി കേന്ദ്രത്തിലും റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

എൻജിഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തും നിന്നും ധനസമാഹരണം നടത്തി ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഒക്ടോബർ എട്ടിന് രജിസ്റ്റർ ചെയ്ത കേസിൻ്റെ തുടർ നടപടിയാണ് റെയ്ഡ്. ഇന്നലെ ബംഗളൂരുവിലും റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗർ പ്രസ്സ് എൻക്ലേവിലെ ഗ്രേറ്റർ കശ്മീർ പത്രിത്തിന്റെ ഓഫീസിലായിരുന്നു ആദ്യ റെയ്ഡ്. കൂടാതെ നെഹ്റു പാർക്കിലെ എച്ച്ബി ഹൗസ്ബോട്ട്, മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസിൻ്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.

click me!