നീരവ് മോദിയുടെ 100 കോടി മൂല്യമുള്ള അത്യാഡംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ ഇടിച്ചു നിരത്തുന്നു

By Web TeamFirst Published Mar 7, 2019, 12:17 PM IST
Highlights

പൊളിച്ചുമാറ്റലിന്റെ ഭാ​ഗമായി വലിയ ചുമരുകള്‍ ഇതിനോടകം തന്നെ തകര്‍ത്തു കഴിഞ്ഞു. ബാക്കിയുള്ള തൂണുകള്‍ നാളെ ഡയനാമിറ്റ് വെച്ച് തകര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ ഇടിച്ചുനിരത്തുന്നു. അലിബാഗിലുള്ള അത്യാഡംബര ബം​ഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബം​ഗ്ലാവി‍ന്റെ പൊളിച്ചുമാറ്റൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അലിബാ​ഗിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ബം​ഗ്ലാവിനെ വിശേഷിപ്പിച്ചത്. പൊളിച്ചുമാറ്റലിന്റെ ഭാ​ഗമായി വലിയ ചുമരുകള്‍ ഇതിനോടകം തന്നെ തകര്‍ത്തു കഴിഞ്ഞു. ബാക്കിയുള്ള തൂണുകള്‍ നാളെ ഡയനാമിറ്റ് വെച്ച് തകര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിരവ് മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയതിന് ശേഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന ഓഴിവുകാല വസതി കൂടിയാണ് രൂപാന ബം​ഗ്ലാവ്. 33,000 ചതുരശ്ര അടിയിൽ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബം​ഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ്  സ്ഥിതിചെയ്യുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാൻ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം.

"

ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം ചെലവ് വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം.

അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുല്യമേറിയ വസ്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടിക്കഴിഞ്ഞു.
 

click me!