നിർഭയ കേസിൽ പുതിയ മരണവാറണ്ട്: മാർച്ച് മൂന്നിന് 6 മണിക്കകം തൂക്കിക്കൊല്ലണം

By Web TeamFirst Published Feb 17, 2020, 4:31 PM IST
Highlights

നേരത്തേ രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. പ്രതികളുടെ എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ടാണ് പുതിയ മരണവാറണ്ട്. 

ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ  മാർച്ച് മൂന്നിന് നടക്കും. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലണം. ഇതുമായി ബന്ധപ്പെട്ട് പ്രതികൾ കോടതിയിൽ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചത്. 

വിധിയിൽ സന്തോഷമുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതികളെ തൂക്കിലേറ്റിയെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണെന്നും നിർഭയയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇതിന് മുമ്പ് രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. എന്നാൽ പ്രതികൾ ദയാഹർജി നൽകാനുണ്ടെന്നും, ദയാഹർജിക്കെതിരെ വാദിക്കാനുണ്ടെന്നും, പ്രായപൂർത്തിയായിട്ടില്ലെന്നും, ജയിലിൽ പീഡനം അനുഭവിക്കേണ്ടി വന്നെന്നും അങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്പ്പിച്ചു. ഏറ്റവുമൊടുവിൽ, ദില്ലി ഹൈക്കോടതി ഇടപെട്ട്, പ്രതികൾക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂർത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹർജികളൊന്നും നൽകരുതെന്നും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നൽകിയ ഹർജിയിലാണ് ദില്ലി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹർജികളൊന്നും നൽകാൻ അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികൾ നൽകിയ ഹർജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ദില്ലി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിയായ വിനയ് ശർമയൊഴികെ മറ്റാർക്കും ഇനി ഒരു ഹർജിയും കോടതികളിൽ നൽകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ ഇന്ന് വിനയ് ശർമയുടെ ഹർജി മാത്രമാണ് പരിഗണിച്ചത്. 

അക്ഷയ് ഠാക്കൂറിനും വിനയ് ശർമയ്ക്കും വേണ്ടി ഹാ‍ജരായ അഭിഭാഷകൻ, വധശിക്ഷ നടപ്പാക്കരുതെന്ന് വീണ്ടും വാദിച്ചു. വിനയ് ശർമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും, അതിനാൽ വധശിക്ഷ നടപ്പാക്കരുതെന്നുമായിരുന്നു അഡ്വ. എ പി സിംഗിന്‍റെ ആവശ്യം. 

മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അമിക്കസ് ക്യൂറി പിന്മാറി. നിയമസഹായം തുടരാൻ കുറ്റവാളിയായ മുകേഷ് സിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അമിക്സ് ക്യൂറി കോടതിയിൽ പറഞ്ഞു. കേസിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്ഷയ് സിംഗിന് വേണ്ടി പുതിയ  ദയാഹർജി നൽകുമെന്ന് കുറ്റവാളികളുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചു. ദില്ലി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച കാലയളവിനുള്ളിൽ പവൻ ഗുപ്തക്ക് നിയമനടപടികൾ പൂർത്തിയാക്കാനായില്ലെന്ന് അഭിഭാഷകൻ രവി ഖാസിയും കോടതിയോട് പറഞ്ഞു. സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകാനാഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതിക്ക് ദയാഹർജി നൽകാനും ആഗ്രഹിക്കുന്നുവെന്നും കുറ്റവാളികളുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.

മകനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗിന്റെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞു.

ഇവയെല്ലാം തള്ളിക്കൊണ്ടാണ് പ്രതികൾക്കായി വിചാരണക്കോടതി പുതിയ മരണവാറണ്ട് തയ്യാറാക്കിയിരിക്കുന്നത്. 

click me!