
ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികൾ പൊലീസുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ദില്ലിയിലെ നിർഭയയുടെ അമ്മ ആശാ ദേവി. ഇത്തരത്തിലുള്ളൊരു ശിക്ഷ ലഭിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ആശാ ദേവി പറഞ്ഞു. ഇന്നലെ രാത്രിയാണ് കേസിലെ നാല് പ്രതികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഹൈദരാബാദ് പൊലീസ് വളരെ നല്ലൊരു പ്രവൃത്തിയാണ് ചെയ്തത്. ഏറ്റുമുട്ടലിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് തന്റെ ആവശ്യം. കഴിഞ്ഞ ഏഴുവർഷമായി തന്റെ മകളെ ക്രൂരമായി കൊന്നവർക്ക് തൂക്ക് കയർ വിധിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. നിർഭയയുടെ കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് രാജ്യത്തെ സർക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും ഞാൻ അഭ്യർത്ഥിക്കുന്നു, ആശാ ദേവി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
നവംബർ 27-ാം തീയ്യതി രാത്രിയാണ് തെലങ്കാനയിലെ ഷംസാബാദിലെ ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് 26കാരിയായ വെറ്ററിനറി ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട്. കേസിൽ നാല് പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെയായിരുന്നു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
2012 ഡിസംബര്‍ 16 ന് ദില്ലിയിലെ മുനീര്‍ക്കയിൽ ബസിൽ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിർഭയ കൊല്ലപ്പെട്ടത്. തുടർന്ന് ഡിസംബർ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രിൽവച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികൾ തിഹാര്‍ ജയിലിൽ തുടരുകയാണ്.
പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഹൈദരാബാദില്‍ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് തന്നെപ്പോലെ ഏഴുവര്‍ഷം പോരാടേണ്ടിവരരുതെന്നാണ് ആഗ്രഹമെന്നും നിര്‍ഭയയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam