
ന്യൂയോർക്ക്: റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നീത അംബാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്താനിരുന്ന 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 12 മുതൽ 14 വരെ ന്യൂയോർക്കിലെ ലിങ്കൺ സെന്ററിൽ വെച്ച് നടക്കാനിരുന്ന പരിപാടിയുടെ പ്രധാന സംഘാടകർ നീത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ആയിരുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
ലോകപ്രശസ്ത കലാകാരന്മാരും സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ എന്നിവരുൾപ്പെടെയുള്ള പ്രമുഖ കായിക താരങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.