
ദില്ലി: ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.മകന്റെ പിറന്നാളിനോടനുബന്ധിച്ച് സമ്മാനങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. രോഹിണി സെക്ടർ-17-ൽ കുസും സിൻഹ(63), മകൾ പ്രിയ സെഹ്ഗൽ (34) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
ഓഗസ്റ്റ് 28-ന് പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാൻ കുസും സിൻഹ മകളുടെ വീട്ടിലെത്തിയതായിരുന്നു. ആഘോഷത്തിനിടെ പ്രിയയും ഭർത്താവ് യോഗേഷും തമ്മിൽ സമ്മാനങ്ങളെച്ചൊല്ലി തർക്കമുണ്ടായി. തർക്കം പരിഹരിക്കാനായി കുസും മകളുടെ വീട്ടിൽ തങ്ങി.ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ കുസുമിന്റെ മകൻ മേഘ് സിൻഹ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിലിൽ രക്തക്കറ കണ്ടതോടെ ഇയാൾ പൂട്ട് തകർത്ത് അകത്ത് കടന്നു. അകത്ത് അമ്മയും സഹോദരിയും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.
പോലീസ് ഉടൻതന്നെ യോഗേഷിനെ അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട യോഗേഷിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ ടീമും ഫോറൻസിക് സയൻസ് ലബോറട്ടറി ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. യോഗേഷും പ്രിയയും വിവാഹിതരായിട്ട് 17 വര്‍ഷമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam