ഓക്സിജൻ ദൗർലഭ്യം ഉണ്ടാകുമെന്ന നീതി ആയോഗ് മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവഗണിച്ചെന്ന് റിപ്പോർട്ട്

By Web TeamFirst Published Apr 26, 2021, 9:03 AM IST
Highlights

ഇപ്പോഴത്തെ കൊവിഡ് വ്യാപന തീവ്രത സംബന്ധിച്ച് രണ്ടാഴ്ച മുൻപ് തന്നെ നീതി ആയോഗ് നിർദ്ദേശം നൽകിയിരുന്നു

ദില്ലി: കൊവിഡ് വ്യാപിച്ച് നൂറ് കണക്കിനാളുകൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ഉത്തരേന്ത്യയെയും, രാജ്യത്തെ ആകെയും നടുക്കുന്ന റിപ്പോർട്ട് പുറത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഓക്സിജൻ ദൗർലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോഴത്തെ കൊവിഡ് വ്യാപന തീവ്രത സംബന്ധിച്ച് രണ്ടാഴ്ച മുൻപ് തന്നെ നീതി ആയോഗ് നിർദ്ദേശം നൽകിയിരുന്നു. വികെ പോൾ അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി ഓക്സിജൻ ലഭ്യത കൂട്ടാനും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രണ്ടും കേന്ദ്ര ആരോഗ്യ മന്ത്രാലയം അവഗണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ പകുതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കാമെന്നും, മെയ് പകുതിയോടെ ആറ് ലക്ഷമാകാമെന്നും  മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരാഴ്ചക്കിടെ രാജ്യത്തെ പുതിയ കൊവിഡ് കേസുകൾ 22.49 ലക്ഷമാണ്. ഒരാഴ്ചയിലെ മരണസംഖ്യ 16250 ലേക്ക് ഉയർന്നു. മരണസംഖ്യ കഴിഞ്ഞ ആഴ്ചയെക്കാൾ ഇരട്ടിയായി. അമേരിക്കയിൽ ഉണ്ടായ 16 ലക്ഷം കേസുകളാണ് ഒരാഴ്ചക്കിടെ ഒരു രാജ്യത്ത് ഇതുവരെയുണ്ടായ കൊവിഡ് കേസുകളിലെ ഏറ്റവും ഉയർന്ന കണക്ക്.

 

click me!