
ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ നിന്നൊഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉൾപ്പെടുത്തുകയും ചെയ്തു. പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് പാർലമെന്ററി ബോർഡ്.
അപ്രതീക്ഷിതമായാണ് നിതിൻ ഗഡ്കരിയെ സുപ്രധാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. ഇത് പാർട്ടി പ്രവർത്തകർക്കിടിയിൽ തന്നെ ഞെട്ടലുണ്ടാക്കി. നരേന്ദ്ര മോദിയുടെ സർക്കാരിലെ സീനിയർ മന്ത്രിമാരിൽ ഒരാളായ ഗഡ്കരി മുൻ ബിജെപി അധ്യക്ഷനാണ്. ഇതുവരെ, പാർട്ടി മുൻ അധ്യക്ഷന്മാരെ സമിതിയിൽ നിലനിർത്തുന്നതായിരുന്നു കീഴ്വഴക്കം. മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്ററി ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായ കർണാടക ബിജെപി നേതാവും 77കാരനായ ബിഎസ് യെദിയൂരപ്പ സമിതിയിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമാണ്. പാർട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ടിയാളാണ് യെദിയൂരപ്പ. കർണാടകയിൽ സ്വാധീനമുള്ള യെദിയൂരപ്പ അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ബിജെപി വൃത്തങ്ങൾ പറയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ ഉന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാളിനെ പാർലമെന്ററി ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവസേന വിമതനായ ഏക്‌നാഥ് ഷിൻഡെക്കൊപ്പം മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam