ബീഹാറില്‍ ആരുടേയും കൂട്ട് വേണ്ട, ലോക്സഭ തെരഞ്ഞെടുപ്പ് ഒറ്റക്ക് നേരിടും,35 സീറ്റില്‍ വിജയസാധ്യതയെന്ന് ബിജെപി

By Web TeamFirst Published Aug 17, 2022, 2:39 PM IST
Highlights

ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വികാരമുണ്ടെന്നും ബിജെപി വിലയിരുത്തല്‍. ഇത് മുതലാക്കി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കാന്‍  സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം

പാറ്റ്ന:ബിഹാറില്‍ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒറ്റക്ക് പ്രവർത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ  നിര്‍ദേശം. ജനതാദള്‍ യുണൈറ്റഡ് എ‍ൻഡിഎ വിട്ട്  പുതിയ സർക്കാര്‍ രൂപികരിച്ച സാഹചര്യത്തിലാണ് നീക്കം.  ഇതിനിടെ നിയമമന്ത്രിയായി ചുമതലയേറ്റ  കാർത്തികേയ സിങിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ശിവസേന വിമതരിലൂടെ അധികാരം പിടിച്ചപ്പോള്‍ ബിഹാറില്‍ ഭരണം നഷ്ടമായത് ബിജെപിക്ക് ക്ഷീണമായിരുന്നു. അത് ലോകസഭ തെരഞ്ഞെടുപ്പില്‍ മറികടക്കാനാണ് പാര്‍ട്ടി ശ്രമം. മഹാസഖ്യം സർക്കാര്‍ രൂപികരിച്ചതിന് പിന്നാലെ ഇന്നലെ ബിജെപി ദേശീയ നേതൃത്വം ബിഹാർ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അമിത് ഷാ കൂടി പങ്കെടുത്ത യോഗത്തിലാണ് ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒറ്റക്ക് പ്രവര്‍ത്തിക്കാൻ നേതാക്കള്‍ക്ക് നിർദേശം നല്‍കിയത്.

ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വികാരമുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. ഇത് മുതലാക്കി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കാനാണ് കേന്ദ്രം നേതൃത്വം സംസ്ഥാനത്തെ നേതാക്കളോട് ആവശ്യപ്പെട്ടത്. 40 ല്‍ 35 സീറ്റിലും വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. പിന്നോക്ക സംസ്ഥാനമായ ബിഹാറിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കുറവ് ചർച്ചയാക്കണം ഒപ്പം കേന്ദ്ര പദ്ധതികളെ കുറിച്ച് പ്രചരിപ്പിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 31 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തിക് സിങിനെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും  ബിജെപി ആരോപിച്ചു.എന്നാല്‍ എല്ലാ മന്ത്രിമാരും എംഎല്‍എമാരും സത്യവാങ് മൂലം നല്‍കിയിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം

വീണ്ടും കളംമാറ്റി നിതീഷ്, ബിഹാറിൽ ഇനിയെന്ത് ? ബിജെപിയുടെ 'ട്വിസ്റ്റ്' ഉണ്ടാകുമോ?

click me!