
ദില്ലി: വര്‍ക്കിങ് പ്രസിഡന്‍റ് നിതിന്‍ നബീന്‍ നാളെ ബിജെപി ദേശീയ അധ്യക്ഷനാകും. സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നോടെ പൂര്‍ത്തിയാക്കി നാളെ പ്രഖ്യാപനം നടത്തും. പതിവ് വഴികളെല്ലാം അപ്രസക്തമാക്കിയാണ് നിതിന്‍ നബീന്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 46കാരനായ നബീന്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അതുവരെ ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്.
പത്ത് വര്‍ഷം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്‍റെ പാരമ്പര്യമാണ് നിതിന്‍ നബീനുള്ളത്. യുവമോര്‍ച്ചയിലൂടെയാണ് നിതിൻ സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ല്‍ പാറ്റ്ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രി സഭയില്‍ നിതിന്‍ നബീന്‍ അംഗമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ചുമതലക്കാരന്‍റെ റോളും പലപ്പോഴായി നിതിന്‍ നബിന്‍റെ കൈകളിലെത്തി. വര്‍ക്കിങ് പ്രസിഡന്‍റായി നബീനെ നിയമിച്ചപ്പോള്‍ തന്നെ അധ്യക്ഷനാരായിരിക്കുമെന്ന സൂചന കൂടി നേതൃത്വം നല്‍കുകയായിരുന്നു. ഇനിയുള്ളത് നടപടിക്രമങ്ങള്‍ മാത്രമാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകീട്ടോടെ അവസാനിക്കും. എതിര്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമായിരിക്കും തെരഞ്ഞെടുപ്പ്. ഇല്ലെങ്കില്‍ നാളെ പ്രഖ്യാപനം നടത്തും. കേരളം, ബംഗാള്‍, അസം, തമിഴ്നാട് അടക്കം ഒരു കൂട്ടം സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam