
ദില്ലി: മുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും നിർണായക വകുപ്പുകൾ ബിജെപിക്ക് വിട്ടുനൽകി നിതീഷ് കുമാർ. രണ്ട് പതിറ്റാണ്ടായി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് കൈമാറി. ബിജെപി നേതാവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹയ്ക്ക് റവന്യൂ, ഖനി മന്ത്രാലയങ്ങൾ ലഭിച്ചു. ബിജെപി നേതാക്കൾക്ക് നിർണായകമായ കൃഷി (രാം കൃപാൽ യാദവ്), പിന്നോക്ക വിഭാഗ ക്ഷേമം (രാമ നിഷാദ്), ആരോഗ്യം, ദുരന്തനിവാരണ (നാരായണ പ്രസാദ്), വ്യവസായം (ദിലീപ് ജയ്‌സ്വാൾ), തൊഴിൽ (സഞ്ജയ് സിംഗ് ടൈഗർ) എന്നീ വകുപ്പുകളും ലഭിച്ചു. നേരത്തെ നിതീഷ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യം ബിജെപി നേതാവ് മംഗൾ പാണ്ഡെയ്ക്ക് വിട്ടുനൽകി. നിയമ വകുപ്പും അദ്ദേഹത്തിന് ലഭിച്ചു. റോഡ് ആൻഡ് ഹൗസിംഗ് (നിതിൻ നബിൻ), എസ്‌സി & എസ്ടി വെൽഫെയർ (ലഖേന്ദ്ര റൗഷൻ), ടൂറിസം (അരുൺ ശങ്കർ പ്രസാദ്), ഐടി ആൻഡ് സ്‌പോർട്‌സ് (ശ്രേയസി സിംഗ്), ഫിഷറീസ് ആൻഡ് അനിമൽ റിസോഴ്‌സസ് (സുരേന്ദ്ര മെഹത), പരിസ്ഥിതി ആൻഡ് കാലാവസ്ഥാ വ്യതിയാനം (പ്രമോദ് കുമാർ) എന്നിവയാണ് ബിജെപിക്ക് നൽകിയിട്ടുള്ള മറ്റ് വകുപ്പുകൾ.
സാമൂഹിക ക്ഷേമം (മദൻ സാഹ്നി), ഗ്രാമീണ പ്രവൃത്തികൾ (അശോക് ചൗധരി), ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണം (ലെഷി സിംഗ്), ഗ്രാമവികസന-ഗതാഗതം (ശ്രാവൺ കുമാർ), ജലവിഭവം (വി കെ ചൗധരി), ഊർജ്ജം (വിജേന്ദ്ര യാദവ്), വിദ്യാഭ്യാസം (സുനിൽ കുമാർ) എന്നീ വകുപ്പുകളാണ് ജെഡിയുവിന് ലഭിച്ചത്. കരിമ്പ് വ്യവസായം, പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പുകൾ (ഇവ ലോക് ജനശക്തി പാർട്ടിക്ക്), മൈനർ വാട്ടർ റിസോഴ്‌സസ് (ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക്), പഞ്ചായത്തിരാജ് (രാഷ്ട്രീയ ലോക് മഞ്ചിന്) എന്നിവ നൽകി.
ആഭ്യന്തര വകുപ്പിന്റെ ചുമതല നിതീഷ് കുമാർ വിട്ടുകൊടുത്തത് ബിജെപിയെ അംഗീകരിക്കുന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. 2005 നവംബറിൽ ആണ് നിതീഷ് ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. 2014 മെയ് മുതൽ 2015 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ ജെഡിയു പരാജയപ്പെട്ടതിനെത്തുടർന്ന് നിതീഷ് രാജിവെച്ചപ്പോൾ മാത്രമാണ് വകുപ്പ് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജിതൻ മാഞ്ചിക്കായിരുന്നു അന്ന് ചുമതല. ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് ബിഗ് ബി എന്ന് അംഗീകരിക്കലാണ് ആഭ്യന്തര വകുപ്പിന്റെ വിട്ടുകൊടുക്കൽ എന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു. ബീഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയപ 85 സീറ്റുകൾ അദ്ദേഹം നേടി. 89 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam