പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jun 13, 2019, 7:24 PM IST
Highlights

മോദി- ഷി ജിൻപിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമർശം. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.

ദില്ലി: പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്‍റെ സമീപനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ തയ്യാറാകാത്തിടത്തോളം ചർച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി. 

മോദി- ഷി ജിൻപിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമർശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്ക്കെക്കിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ കണ്ടത്. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.

മൂന്നുമണിക്കൂർ അധികം യാത്ര ചെയ്താണ് മോദി കിർഗിസ്ഥാനിലെ ബിഷ്ക്കെക്കിൽ എത്തിയത് തന്നെ. മോദിക്ക് പറക്കാൻ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള നാല്‍പത് മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചാ വിഷയമായി.  

ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ച്ചിനെയും മോദി കണ്ടു. റഷ്യ പരമോന്നത സിവിലിയൻ പുരസ്കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.

കിർഗിസ്ഥാൻ പ്രസിഡന്‍റ് നടത്തുന്ന അത്താഴ വിരുന്നിൽ മോദി പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിരുന്നിൽ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെങ്കിലും അനൗപചാരിക സംഭാഷണം നടക്കുമോ എന്നാണ് അറിയേണ്ടത്. മൂന്നവസരങ്ങളിലെങ്കിലും രണ്ടു നേതാക്കളും ഒരേ സ്ഥലത്ത് ഉണ്ടാകും. 

ഇതിനിടെ മോദിയെ പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ രംഗത്തു വന്നു. മോദിയുണ്ടെങ്കിൽ ഇന്ത്യ അമേരിക്ക ബന്ധത്തിൽ എന്തും സാധ്യമെന്നായിരുന്നു പോംപിയോയുടെ വാക്കുകൾ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രത്യേക ഇളവ് പിൻവലിക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ചൊല്ലി തർക്കം തുടരുമ്പോഴാണ് പോംപോയോ മോദിയെ പുകഴ്ത്തിയത്.

click me!