രാജ്യത്ത് കൊവിഡ് വാക്സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വിദഗ്ധ സമിതി വീണ്ടും ചേരും

By Web TeamFirst Published Dec 30, 2020, 8:31 PM IST
Highlights

ഫൈസറും , ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാനുള്ള എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിരിക്കുന്നത് ഓകസ്ഫഡ് വാക്സിനാണ്. 

ദില്ലി: കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനമായില്ല. ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും. ബയോടെക് നല്‍കിയ പരീക്ഷണ വിവരങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ചു. പരീക്ഷണ വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഫൈസർ ആവശ്യപ്പെട്ടു.

ഫൈസറും , ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാനുള്ള എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിരിക്കുന്നത് ഓകസ്ഫഡ് വാക്സിനാണ്. ഇന്ന് ബ്രിട്ടനില്‍ വാക്സിന് സർ‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് വിദഗ്ധ സമിതി യോഗം വിളിച്ചത്. അനുമതിക്കായി കാത്തിരിക്കുകയാണെന്ന്  സിറം സിഇഒ അദര്‍ പൂനെവാല പ്രതികരിച്ചു. നാല് കോടി ഡോസ് വാക്സിനാണ് സിറം ഇതുവരെ നിര്‍മ്മിച്ചിരിക്കുന്നത്. 

നാല് സംസ്ഥാനങ്ങളില്‍ ഇതിനോടകം വാക്സിന്‍റെ ഡ്രൈറണ്‍ നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ നല്‍കേണ്ടവരുടെ മുൻഗണന പട്ടികയും സര്‍ക്കാരുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊറോണ വൈറസിന്‍റെ യുകെ വകഭേദം ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്.

ഇതുവരെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുപിയില്‍ നിന്നുള്ള രണ്ട് വയസ്സുകാരി ഉള്‍പ്പെടെ രോഗം ബാധിച്ചവരില്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജനുവരി 31 വരെ നീട്ടി. ചരക്ക് വിമാനങ്ങള്‍ക്കും വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാകില്ല.
 

click me!