പുതിയ വിലക്ക് ! പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ല

By Web TeamFirst Published Jul 15, 2022, 11:01 AM IST
Highlights

പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് പുതിയ ഉത്തരവ്. 

ദില്ലി: പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെൻറ് വളപ്പിൽ  പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്.  രാജ്യസഭാ  സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. 

മതപരമായ ചടങ്ങുകൾക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്ന പ്രത്യേക പരാമര്‍ശവും ഉത്തരവിലുണ്ട്. ഉത്തരവ്  ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല. പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധം വിലക്കിയ നടപടി വലിയ പ്രതിഷേധത്തിലേക്ക് എത്തുമെന്ന് വ്യക്തമാണ്. 

Vishguru's latest salvo — D(h)arna Mana Hai! pic.twitter.com/4tofIxXg7l

— Jairam Ramesh (@Jairam_Ramesh)

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പുതിയ ഉത്തരവ്  തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവും വരുന്നത്. 

പാര്‍ലമെന്‍റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‍സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം

 

click me!