'പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ ആര്‍എസ്എസ് ശാഖ പോലെ': പുലിവാല്‍ പിടിച്ച് ബിഹാര്‍ പൊലീസ് ഓഫീസര്‍

By Web TeamFirst Published Jul 15, 2022, 10:17 AM IST
Highlights

സംഭവത്തില്‍ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ മാനവ്‌ജിത് സിംഗ് ധില്ലനോട് ആവശ്യപ്പെട്ട് ബിഹാര്‍ ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

പാറ്റ്ന: ആർഎസ്‌എസ് ശാഖകളെപ്പോലെ യുവാക്കളെ ആയോധനകലയിൽ പരിശീലിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന മുതിർന്ന പട്‌ന പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവന വിവാദമായി. ഇത് ബിജെപി ജെഡിയു സഖ്യം  ഭരിക്കുന്ന ബിഹാറില്‍ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. പട്‌നയിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മാനവ്‌ജിത് സിംഗ് ധില്ലനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വാര്‍ത്ത സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സംഭവത്തില്‍ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ മാനവ്‌ജിത് സിംഗ് ധില്ലനോട് ആവശ്യപ്പെട്ട് ബിഹാര്‍ ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

"യുവജനങ്ങള്‍ക്കായി മസ്ജിദുകളിലും മദ്രസകളിലും പിഎഫ്ഐ പ്രവർത്തിക്കുകയും അവര്‍ക്ക് സായുധ പരിശീലനം നല്‍കുകയും  ചെയ്തിട്ടുണ്ട്. ആർഎസ്എസ് ശാഖകളുടേതിന് സമാനമാണ് ഇവരുടെ പ്രവർത്തനരീതി. ശാരീരിക പരിശീലനത്തിന്‍റെ മറവിൽ യുവാക്കളെ പരിശീലിപ്പിക്കുകയും തങ്ങളുടെ അജണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആയോധനകലകൾ പഠിപ്പിക്കുന്ന ക്യാമ്പുകളുടെ രേഖകളും ശാരീരിക പരിശീലനത്തിന്റെ മറവിൽ അംഗങ്ങളെ വടിയും വാളും ഉപയോഗിക്കാൻ പരിശീലിപ്പിച്ചതിന്റെ രേഖകളും ലഭിച്ചു. അജണ്ട പ്രചരിപ്പിക്കാനും യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഒപ്പം നിര്‍ത്താനും ഇത്തരം ക്യാമ്പുകള്‍ ഉപയോഗിക്കുന്നു,  ധില്ലന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഭീകരര പരിശീലനം നല്‍കി എന്ന് ആരോപിച്ച് ഒരു പരിശീലന ക്യാമ്പ്  പട്‌ന പോലീസ് തകർത്തിരുന്നു.  അഥർ പർവേസ്, എംഡി ജലാലുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2047ഓടെ ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ഇവരുടെ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 12ലെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നുവെന്നാണ് പാറ്റ്ന പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വിവാദ പരാമര്‍ശം.കഴിഞ്ഞ 15 ദിവസമായി ഫുൽവാരി ഷെരീഫിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്ക് പരിശീലനം നൽകിവരികയായിരുന്നുവെന്നാണ് പാറ്റ്ന പൊലീസ് പറയുന്നത്.

അതേ സമയം പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്ത് എത്തി. പിഎഫ്‌ഐയുടെ വക്താവിനെപ്പോലെയാണ് പോലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചതെന്ന് രോഷാകുലരായ ബിജെപി ആഞ്ഞടിച്ചു. എസ്എസ്പി സ്ഥാനത്ത് നിന്ന് ധില്ലനെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

പിഎഫ്ഐയെ ആർഎസ്എസുമായി താരതമ്യപ്പെടുത്തിയതിന് ധില്ലന്‍റെ ‘മാനസികമായി പാപ്പരത്തം’ എന്നാണ് ബിജെപി എംഎൽഎ ഹരീഷ് ഭൂഷൺ താക്കൂർ കുറ്റപ്പെടുത്തിയത്.  ധില്ലൻ ഉടൻ മാപ്പ് പറയണമെന്ന് താക്കൂർ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ പ്രതിപക്ഷമായ ആർജെഡി, എസ്എസ്പിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ശാരീരിക പരിശീലനത്തിന്റെ പേരിൽ ഈ ആളുകൾ തങ്ങളുടെ കുപ്രചരണവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് സംഘത്തിന്‍റെ പ്രവർത്തനരീതിയെക്കുറിച്ച് പട്നയിലെ സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞത് ശരിയാണ് എന്നാണ് ആര്‍ജെഡി ട്വീറ്റ് ചെയ്തത്. ചില പ്രദേശങ്ങളിൽ അവർ കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും ആര്‍ജെഡി ട്വീറ്റില്‍ പറയുന്നു.

ബിഹാറിൽ ഒവൈസിക്ക് ആര്‍ജെഡി വക ഷോക്ക്: അഞ്ച് എഐഎംഐഎം എംഎൽഎമാരിൽ നാല് പേരും പാര്‍ട്ടി മാറി

ബീഹാറിൽ സൈനിക ജോലിക്കായി തയ്യാറെടുക്കുന്നവർ അഗ്നിപഥിനായുള്ള തീവ്രപരിശീലനത്തില്‍

click me!