കൊവിഡ് സ്ഥിരീകരിച്ചാലും രോ​ഗലക്ഷണമില്ലാത്തവരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കില്ല; തീരുമാനവുമായി തമിഴ്നാട്

By Web TeamFirst Published May 4, 2020, 11:49 PM IST
Highlights

രോഗബാധിതരുടെ എണ്ണം  ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. രോ​ഗമുണ്ടെങ്കിലും രോ​ഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. 

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടും രോ​ഗലക്ഷണങ്ങളില്ലാത്തവരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കില്ലെന്ന് സർക്കാർ. രോഗലക്ഷണം ഉള്ളവരെ മാത്രം ആശുപത്രിയിൽ ചികിത്സിച്ചാൽ മതിയെന്നാണ് തീരുമാനം.

രോഗബാധിതർ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. രോ​ഗമുണ്ടെങ്കിലും രോ​ഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

അതേസമയം, തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റ് രോ​ഗവ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിവിധ ജില്ലകളികളിലേക്ക് മടങ്ങിയ മൂന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റിൽ വന്നുപോയവരിൽ 150 ല്‍ അധികം പേർക്ക് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കച്ചവടക്കാർ ചുമട്ടുതൊഴിലാളികൾ ലോറി ഡ്രൈവർമാർ ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് കോയമ്പേട് വന്നുപോയിട്ടുള്ളത്. സ്വന്തം നാടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

 ചെന്നൈയിൽ ചില്ലറ വിൽപ്പന നടത്തുന്ന കച്ചവടക്കാരിലും കൊവിഡ് സ്ഥിരീകരിച്ചു. പച്ചക്കറി കച്ചവടക്കാരനിൽ നിന്നാണ് ചെന്നൈയിലെ വണ്ണാരപ്പേട്ട് തെരുവിലേക്ക് രോഗം പകർന്നത് എന്നും സ്ഥിരീകരിച്ചു. 259 പേർക്ക് രോഗം സ്ഥിരീകരിച്ച തിരുവിഗ നഗറില്‍ ആയിരക്കണക്കിന് പേരെ നിരീക്ഷണത്തിലാക്കി. അവശ്യസാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആളുകള്‍ പ്രതിഷേധിച്ചു. അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന പരാതിയുമായി മധുരയിലും ചെങ്കല്‍പ്പേട്ടിലും ജനം തെരുവിലറങ്ങി. ഭക്ഷണ സാധനങ്ങൾ പോലും ഇല്ലെന്നും നാട്ടിലേക്ക് മടങ്ങാൻ സൗകര്യം വേണമെന്നും ആവശ്യപ്പെട്ട് നൂറ് കണക്കിന് അതിഥി തൊഴിലാളികൾ  തിരുപ്പൂരില്‍ റോഡ് ഉപരോധിച്ചു.

click me!