
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിൽ അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാർച്ച് മാസത്തിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് താൻ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ചില എം എൽ എമാർ നടത്തുന്ന പ്രസ്താവനകൾ കാര്യങ്ങൾ അറിയാതെയാണെന്നും അവ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിദ്ധരാമയ്യ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി കെ ശിവകുമാർ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. നേതൃമാറ്റ ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ഡി കെ പിന്നോട്ടില്ലെന്ന സൂചനയാണോ ഇതെന്ന ചർച്ച രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam