
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിക്ക് പുതിയ അവതാരം നൽകി അവതരിപ്പിച്ച് തമിഴ്നാട്ടിലെ കോൺഗ്രസ്. ബിഹാറിൽ രാഹുലിനെ 'ജനനായക്' ആയി അവതരിപ്പിച്ചത് പരാജയപ്പെട്ടതിന് പിന്നാലെയാണ് തമിഴ്‌നാട് യൂണിറ്റ് പുതിയ വിളിപ്പേരുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിൽ നേതാക്കളെയും സൂപ്പർതാരങ്ങളെയും (പ്രത്യേകിച്ച് രജനികാന്തിനെ) ബഹുമാനപൂർവ്വം വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'തലൈവ' എന്നത്.
തമിഴ്‌നാട് കോൺഗ്രസ് പുറത്തിറക്കിയ രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വീഡിയോയിൽ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നതും ജനക്കൂട്ടം അദ്ദേഹത്തെ 'വെൽകം തലൈവ' എന്ന ഗാനത്തോടെ സ്വീകരിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കർഷകർ, ഓട്ടോ ഡ്രൈവർമാർ, വിദ്യാർത്ഥികൾ എന്നിവരോടൊപ്പം രാഹുൽ ഇടപഴകുന്നതും പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുമായ ദൃശ്യങ്ങൾ ഇതിലുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്ന ഒരു ജനകീയ പോരാളിയായാണ് ഇതിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. തമിഴ് വരികളും ഇംഗ്ലീഷ് റാപ്പും ചേർന്നുള്ളതാണ് ഗാനം. "Unity in his words, love in his way... humanity first" തുടങ്ങിയ വരികൾ രാഹുലിന്‍റെ മാനുഷിക മുഖം ഉയർത്തിക്കാട്ടുന്നു.
ഈ വീഡിയോ പുറത്തുവന്നത് ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടയിലാണെന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണത്തിൽ പങ്കാളിത്തം വേണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്നും സിംഗിൾ പാർട്ടി ഭരണമായിരിക്കും തുടരുകയെന്നും മുതിർന്ന ഡിഎംകെ നേതാവ് ഐ പെരിയസ്വാമി വ്യക്തമാക്കി. അതേസമയം, ജനനായകൻ സിനിമയുടെ റിലീസ് മുടങ്ങിയതിൽ നടൻ വിജയ്‍യെ പിന്തുണച്ചും രാഹുലെത്തി. ഡിഎംകെ എതിർപ്പ് തള്ളിയാണ് രാഹുൽ പ്രതികരിച്ചത്. തമിഴ് സംസ്കാരത്തിന് നേർക്കുള്ള ആക്രമണമാണ് ഇതെന്നും തമിഴ് ജനതയുടെ ശബ്‍ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ജനുവരി 10-ന് റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' കോൺഗ്രസിനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. ഉദയനിധി സ്റ്റാലിന്‍റെ 'റെഡ് ജയന്‍റ് മൂവീസ്' ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത് എന്നത് സഖ്യത്തിനുള്ളിലെ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും സിനിമയിൽ വില്ലൻ പക്ഷത്ത് നിർത്തിയതിനെതിരെയാണ് പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam